ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാർ ഓസ്‌ട്രേലിയയിൽ കളിക്കാനൊരുങ്ങുന്നു. ഓസ്ട്രേലിയയിലെ എലൈറ്റ് വനിതാ ക്രിക്കറ്റിൽ കളിക്കാൻ തനിക്ക് യോഗ്യത ലഭിച്ചതായി അനയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ തീരുമാനപ്രകാരം, 2027 മാർച്ച് മുതൽ അനയയ്ക്ക് അവിടെ എലൈറ്റ് വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ സാധിക്കും. താൻ നൽകിയ വൈദ്യശാസ്ത്രപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ തീരുമാനമെടുത്തതെന്ന് അനയ വ്യക്തമാക്കി.
ഈ വർഷം മാർച്ചിലാണ് അനയ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. മുൻപ് സർഫറാസ് ഖാനൊപ്പം ജൂനിയർ തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് അനയ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നയമനുസരിച്ച്, വനിതാ വിഭാഗം എലൈറ്റ് ക്രിക്കറ്റിൽ മത്സരിക്കുന്ന കളിക്കാർ തങ്ങളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് തുടർച്ചയായി കുറഞ്ഞത് 12 മാസത്തേക്ക് ലിറ്ററിന് 10 നാനോമോൾസ് എന്നതിന് താഴെയായി നിലനിർത്തേണ്ടതുണ്ട്. ഈ യോഗ്യതാ മാനദണ്ഡങ്ങൾ അനയ തുടർന്നും പാലിക്കേണ്ടതുണ്ട്.
ഈ അനുമതി ലഭിച്ചതോടെ ഓസ്ട്രേലിയയിലെ പ്രമുഖ ട്വന്റി-20 ലീഗായ വുമൺസ് ബിഗ് ബാഷ് ലീഗിൽ മത്സരിക്കാൻ അനയയ്ക്ക് വഴിതുറന്നു. എന്നാൽ, യോഗ്യത ലഭിച്ചു എന്നത് കൊണ്ടുമാത്രം ലീഗിൽ കരാർ ലഭിക്കുമെന്ന് ഉറപ്പില്ല. കൂടാതെ, ഓസ്ട്രേലിയയിലെ ഏതൊരു സംസ്ഥാനത്തെയും ടെറിട്ടറിയിലെയും പ്രീമിയർ ക്രിക്കറ്റ് മത്സരങ്ങളിലും അനയയ്ക്ക് പങ്കെടുക്കാം. ഒരു ഘട്ടത്തിൽ ക്രിക്കറ്റ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നതിനാൽ ഈ തീരുമാനം തന്നെ സംബന്ധിച്ച് തികച്ചും വൈകാരികമാണെന്ന് അനയ ബോംബെ ടൈംസിനോട് പറഞ്ഞു.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ അനുമതി തന്റെ യാത്രയുടെ ആദ്യപടി മാത്രമാണെന്നും, ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിന് മുൻപ് കായികക്ഷമത വീണ്ടെടുക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അനയ വ്യക്തമാക്കി. പുരുഷ പ്രായപൂർത്തിയാകലിന് (male puberty) വിധേയരായ ട്രാൻസ്ജെൻഡർ വനിതകളെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ കളിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അനുവദിക്കുന്നില്ല.
എന്നാൽ, അന്താരാഷ്ട്ര നിയമങ്ങളിൽനിന്നു വിഭിന്നമായി, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആഭ്യന്തര പങ്കാളിത്തനയം വ്യത്യസ്തമായതിനാലാണ് അനയയ്ക്ക് 2027 മാർച്ച് മുതൽ ഓസ്ട്രേലിയയിൽ കളിക്കാൻ അനുമതി ലഭിക്കുന്നത്.
LIVE