വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് ഈ വിവരം പങ്കുവെച്ചവരെ കണ്ടെത്താൻ ട്രംപ് ഭരണകൂടം 50 സൈനിക ഉദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മിലിട്ടറി ഓഫീസർമാരും സാധരണ ജീവനക്കാരും ഉൾപ്പെടെ പെന്റഗണിലെ ജോയിന്റ് സ്റ്റാഫിലെ 50-ഓളം ഉദ്യോഗസ്ഥരെയാണ് ഓഗസ്റ്റ് മാസത്തിൽ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കിയത്. സുരക്ഷാ ക്ലിയറൻസ് പുതുക്കുന്നതിന്റെ ഭാഗമായി പതിവ് പരിശോധനകൾ നടക്കാറുണ്ടെങ്കിലും ഒറ്റ അന്വേഷണത്തിന്റെ ഭാഗമായി ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത് ഇതാദ്യമാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്ന
യു.എസ്.-ഇറാൻ സംഘർഷത്തിൽ അമേരിക്ക കടുത്ത ആയുധ ക്ഷാമം നേരിടുന്നുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർക്കിടയിൽ യുദ്ധം സംബന്ധിച്ച് അഭിപ്രായ ഭിന്നതകളുണ്ടെന്നുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം.
മാധ്യമപ്രവർത്തകരുമായി ഔദ്യോഗികമായിട്ടല്ലാത്ത ബന്ധമുണ്ടോ, ഔദ്യോഗിക രഹസ്യങ്ങൾ കൈമാറിയിട്ടുണ്ടോ, വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് പോളിഗ്രാഫ് പരിശോധനയിൽ ഉദ്യോഗസ്ഥർ നേരിടേണ്ടി വന്നത്. പരിശോധനയ്ക്ക് വിധേയരായ ആരും തന്നെ മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി തെളിഞ്ഞിട്ടില്ലെന്നാണ് വിവരം.
ദീർഘദൂര മിസൈലുകളും പാട്രിയോട്ട് ഇന്റർസെപ്റ്ററുകളും ഉൾപ്പെടെയുള്ള നിർണായക ആയുധങ്ങളുടെ കുറവുകൾ എടുത്തുകാണിക്കുന്ന ഒരു പരമ്പര മാധ്യമ റിപ്പോർട്ടുകൾക്ക് ശേഷം, ആഗസ്റ്റ് മാസത്തിലാണ് നുണപരിശോധന നടത്തിയത്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിലെ പ്രധാനിയും പ്രതിരോധ സെക്രട്ടറിയുമായ പീറ്റ് ഹെഗ്‌സെത്ത് കർശന നടപടികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിച്ച പെന്റഗൺ വക്താവ് ഷോൺ പർനെൽ, വ്യക്തിഗത അന്വേഷണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും എന്നാൽ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോരുന്നത് പെന്റഗൺ വളരെ ഗൗരവമായി കാണുന്നുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി.
LIVE