യുഎഇ ആകാശം തുറന്നു: വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്; പെരുന്നാൾ യാത്രകൾക്ക് ആശ്വാസം മനോരമ ലേഖകൻ
അബുദാബി ∙ യുഎഇയുടെ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായും വിമാന ഗതാഗതം സാധാരണ നിലയിലായതായും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി മുൻകരുതൽ നടപടിയുടെ ഭാഗമായി ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.
സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തന സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് വ്യോമാതിർത്തി തുറക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമയാന മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ തത്സമയ നിരീക്ഷണം തുടരും. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രണങ്ങളോട് സഹകരിച്ച യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും അതോറിറ്റി നന്ദി രേഖപ്പെടുത്തി. വിമാന സമയക്രമത്തിലെ മാറ്റങ്ങൾ അറിയാൻ യാത്രക്കാർ അതോറിറ്റിയുമായോ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായോ ബന്ധപ്പെടണം. പെരുന്നാൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിമാനത്താവളങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജിസിഎഎ നിർദേശിച്ചു.