ആരുമില്ലേ ഹോർമുസിൽ സഹായിക്കാൻ? ട്രംപ് 'കട്ടക്കലിപ്പിൽ'; യുഎസിനൊപ്പം ചേരാൻ 'മടിച്ച് ' രാജ്യങ്ങൾ, ക്രൂഡുമായി ഇറാനിയൻ കപ്പലുകൾ പുറത്തേക്ക്
ഹോർമുസിൽ ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അമർഷം. കാലങ്ങളായി യുഎസ് സഹായം നൽകുന്ന രാജ്യങ്ങൾ പോകും മുഖം തിരിച്ചതാണ് ട്രംപിനെ കുഴപ്പിക്കുന്നത്. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം പരിഹാരമാകാതെ തുടരുകയാണ്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് നിലച്ചു. എന്നാൽ ക്രൂഡ് ഓയിൽ കയറ്റി ഇറാന്‍റെ കപ്പലുകൾ പോകുന്നുണ്ട്. തങ്ങളോട് ആലോചിക്കാതെ യുഎസ് സ്വയം തുടങ്ങിയ യുദ്ധമാണ് പശ്ചിമേഷ്യയിലേതെന്നാണ് മിക്ക രാജ്യങ്ങളുടെയും നിലപാട്. യുദ്ധത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും പല രാജ്യങ്ങളും ഇതിന്‍റെ തിക്തഫലങ്ങൾ അനുഭവിക്കുകയാണ്. ക്രൂഡ് ഓയിൽ വില വര്‍ധിച്ചത് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കുറച്ചു. പണപ്പെരുപ്പ ഭീഷണിയുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹോർമുസിലേക്ക് പടക്കപ്പലുകൾ അയക്കാനുള്ള തീരുമാനമില്ലെന്ന് ജർമനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്.