ഇന്ത്യയില്‍ വന്ന് കളിക്കില്ല; ഇന്ത്യന്‍ ടീം ബംഗ്ലാദേശിലേക്ക് വരണം; ആവശ്യവുമായി ബിസിബി
ഇന്ത്യയുമായി പര്യടനങ്ങള്‍ തുടരാനുള്ള സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ബംഗ്ലാദേശ് പര്യടനത്തിനുള്ള സാധ്യതകള്‍ സൂചിപ്പിച്ച് ബിസിബി ബിസിസിഐയ്ക്ക് കത്തയച്ചു. ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പര്യടനത്തിന് ശേഷം ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യയിലേക്ക് വരുന്നതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പര്യടനത്തിന് അപ്പുറം ഇരു ബോര്‍ഡുകളും തമ്മില്‍ സഹകരണത്തിനുള്ള മറ്റു സാധ്യതകളെ പറ്റിയും ചര്‍ച്ച ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും ഇതിന്‍റെ ഭാഗമായി ഈയിടെ ബിസിസിഐയുമായി കത്തിലൂടെയും ഇ–മെയില്‍ വഴിയുംസംസാരിച്ചിട്ടുണ്ടെന്നും ബിസിബിയുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ നസ്മുൾ അബെദിൻ ഫാഹിം പറഞ്ഞു. ഇന്ത്യയില്‍ നടന്ന ട്വന്‍റി 20 ലോകകപ്പില്‍ നിന്നും സുരക്ഷാ കാരണങ്ങളാല്‍ ബംഗ്ലാദേശ് പിന്മാറിയതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍.
ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2026 സീസണിലേക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. പ്രദേശിക സമ്മര്‍ദത്തെ തുടര്‍ന്ന് ബിസിസിഐ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. ഈ തീരുമാനമാണ് ഇരു ബോര്‍ഡുകളെയും തമ്മില്‍ പിണക്കിയത്. പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ നടന്ന ലോകകപ്പ് ബഹിഷ്കരിക്കുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യയോടുള്ള ബംഗ്ലാദേശിന്‍റെ നിലപാട് മാറിയിട്ടുണ്ട്. ഏപ്രില്‍ 7-8 തീയതികളില്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിലുര്‍ റഹ്മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. 2025 ഓഗസ്റ്റില്‍ തീരുമാനിച്ച ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് 2026 സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്‍റി 20യുമാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കേണ്ടത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ മിര്‍പൂരിലും ചിറ്റഗോങിലുമാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ബിസിബിയുടെ നിര്‍ദ്ദേശത്തോടെ ഇരു ബോര്‍ഡുകളും ചേര്‍ന്ന് മത്സരക്രമത്തിന് അന്തിമരൂപം നല്‍കും.