കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വരും; എല്‍ഡിഎഫിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു: മോദി
തിരുവല്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ അയ്യപ്പനെ വണങ്ങിക്കൊണ്ട് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മോദി ഉന്നയിച്ചത്. കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും ഭരണമാറ്റത്തിനായുള്ള കൗണ്ട് ഡൗൺ തുടങ്ങിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉടൻ തന്നെ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചു.
കേരളത്തിന്റെ വികസന വളർച്ച പിന്നോട്ടാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ രണ്ട് മുന്നണികൾക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. എൽ.ഡി.എഫും യു.ഡി.എഫും വികസന കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ അവസ്ഥ അങ്ങേയറ്റം ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിന്റെ മോശം അവസ്ഥ വിവരിക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബി.ജെ.പി സർക്കാർ വൻതോതിൽ ഫണ്ട് അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. മുൻപ് അധികാരത്തിലിരുന്ന യു.പി.എ സർക്കാർ നൽകിയതിനേക്കാൾ അഞ്ചുമടങ്ങ് അധികം സഹായമാണ് നിലവിലെ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവല്ലയിലെ ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആന്റണിയെ വേദിയിൽ വെച്ച് അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി തന്നോടൊപ്പം പ്രവർത്തിക്കുന്ന അനൂപ് ആന്റണിയുടെ പ്രവർത്തനമികവും കഴിവും തനിക്ക് നേരിട്ട് അറിയാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മികച്ച ഭരണാധികാരിയാകാൻ ശേഷിയുള്ള അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് വേണ്ടി താൻ സംഭാവന ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.