കേരളത്തിലെ വ്യവസായ വളർച്ച ശ്രദ്ധേയം; ഹൈക്കോടതി വിധി പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമെന്ന് മന്ത്രി പി. രാജീവ്
കേരളത്തിൽ വ്യവസായരംഗം വലിയ വളർച്ച കൈവരിച്ചുവെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി നിരീക്ഷണം കഴിഞ്ഞകാല പ്രവർത്തനത്തിനുള്ള വലിയ അംഗീകാരമായി കാണുന്നുവെന്നും പി രാജീവ് പറഞ്ഞു. വ്യവസായ മേഖല കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനിടെ കൈരളി ന്യൂസുമായി സംസാരിക്കുകയായിരുന്നു കളമശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ പി രാജീവ്.
തിരുവനന്തപുരം നെല്ലനാട്ടെ വ്യവസായ സ്ഥാപനത്തിന് പ്രവർത്തനാനുമതി നിഷേധിച്ച പഞ്ചായത്ത് നടപടിക്കെതിരെ സംരംഭകർ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണമുണ്ടായത്. പ്രതിഷേധങ്ങളുടേയും ട്രേഡ് യൂണിയനിസത്തിൻറേയും നാടാണ് കേരളം എന്നതാണ് പൊതുവേയുള്ള ആരോപണം. എന്നാൽ സമീപകാലത്തെ കേരളത്തിൻറെ വ്യവസായ വളർച്ച എടുത്തുപറയേണ്ടതാണെന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻറെ നിരീക്ഷണം. ഇതിൻറെ ക്രെഡിറ്റ് ജനങ്ങൾക്കും രാഷ്ട്രീയ ഭരണനേതൃത്വത്തിനും അവകാശപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ഹൈക്കോടതി നിരീക്ഷണം കഴിഞ്ഞകാല പ്രവർത്തനത്തിനുള്ള വലിയ അംഗീകാരമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
വ്യവസായ സ്ഥാപനത്തിന് പ്രവർത്തനാനുമതി നിഷേധിച്ച നെല്ലനാട് ഗ്രാമപഞ്ചായത്ത് ഉത്തരവ് റദ്ദാക്കിയ കോടതി ഹർജിക്കാരുടെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം അനുകൂല തീരുമാനമെടുക്കാനും നിർദ്ദേശിച്ചിരുന്നു.നിയമപരമായ എല്ലാ അനുമതികളും ലഭിച്ച വ്യവസായ സംരംഭത്തിന് പ്രദേശവാസികളുടെ പ്രതിഷേധത്തിന്റെ പേരിൽ പഞ്ചായത്തിന് പ്രവർത്തനാനുമതി നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ, നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംരംഭവും അടച്ചുപൂട്ടില്ലെന്ന് പാർട്ടികളും സ്ഥാനാർത്ഥികളും വോട്ടർമാരോട് പറയണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.