മമിതയെ ഇരുണ്ട നിറക്കാരിയാക്കിയതെന്തിന്? തമിഴ് നടിമാർക്ക് ക്ഷാമമാണോ? വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ
നടൻ ധനുഷിനെ നായികനാക്കി വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കര’. പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രശസ്തനായ വിഘ്‌നേശ് രാജ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണിത്. മലയാളികളുടെ പ്രിയപ്പെട്ട താരം മമിത ബൈജുവാണ് കരയിൽ നായികയായി എത്തുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയിലറും വന്നതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു. മമിത ബൈജുവിന്റെ ചിത്രത്തിലെ മേക്കോവറിനെ ചുറ്റിപ്പറ്റിയായിരുന്നു ഈ വിമർശനങ്ങള്‍. ഇരുണ്ട നിറക്കാരിയാവാൻ മമിതയുടെ മുഖത്ത് ബ്രൗൺ നിറം പൂശുന്നതിന് പകരം ഇരുണ്ട നിറമുള്ള നായികയെ കാസ്റ്റ് ചെയ്തുകൂടേ എന്നും തമിഴിൽ നായികാ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് തമിഴ് നടിമാരെ പരിഗണിക്കാത്തതെന്തേ എന്ന് തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയർന്നത്.
ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിഘ്‌നേശ് രാജ. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നാണ് സംവിധായകന്റെ വിമർശനങ്ങള്‍ക്കുള്ള മറുപടി. തന്റെ ഉള്ളിലുള്ള കഥാപാത്രത്തോട് നീതി പുലർത്തുന്ന ആളാണോ എന്നത് മാത്രമാണ് തന്റെ പ്രധാന പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കര’യിലെ നായികയ്ക്കായി ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നെങ്കിലും ആർക്കും മമിത ചെയ്തതിന്റെ അടുത്തുപോലും എത്താനായില്ലെന്നും വിഘ്നേശ് പറഞ്ഞു.
മമിതയെ നായികയാക്കുകയെന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണെന്ന് പറഞ്ഞ വിഘ്നേശ് താൻ പതിവുരീതി തുടരുകയാണെന്നും സെക്സിസ്റ്റ് ആണെന്നുമൊക്കെയുള്ള വിമർശനങ്ങളിൽ കുഴപ്പമില്ലെന്നും കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. ആക്ഷൻ ഡ്രാമയായി അണിയിച്ചൊരുക്കിയ കര വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് നിർമിക്കുന്നത്.