യുഎഇയ്ക്കു നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; ആഗോളതലത്തിൽ പ്രതിഷേധം
അബുദാബി ∙ യുഎഇയിലെ പൗരന്മാർ താമസിക്കുന്ന സ്ഥലങ്ങൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നേരെ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ രാജ്യാന്തര സമൂഹം ശക്തമായി അപലപിച്ചു. മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് പരുക്കേറ്റ ആക്രമണം രാജ്യത്തിൻ്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെയും ലംഘനമാണ് ഇതെന്നും സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ യുഎഇയ്ക്ക് പൂർണമായ അവകാശമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങളും ജിസിസി സെക്രട്ടേറിയറ്റും യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിലെ സമാധാനത്തിന് വിഘാതം നിൽക്കുന്ന ഇത്തരം പ്രകോപനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ അഡ്‌നോക് ടാങ്കറിന് നേരെയുണ്ടായ ആക്രമണം കടൽക്കൊള്ളയ്ക്ക് തുല്യമാണെന്നും ആഗോള ഊർജ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും മുസ് ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ചൂണ്ടിക്കാട്ടി.
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. യുഎഇയുടെ സുരക്ഷാ മുൻകരുതലുകൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത ഫ്രഞ്ച് പ്രസിഡൻ്റ്, ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇറാൻ്റെ നിരുത്തരവാദപരമായ ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ആഹ്വാനം ചെയ്തു. പരുക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ലോക നേതാക്കൾ വ്യക്തമാക്കി.
യുഎഇയിലെ പൗരന്മാർ താമസിക്കുന്ന സ്ഥലങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ഭീകരാക്രമണങ്ങളെ അപലപിച്ച് ഗൾഫ് നേതാക്കൾ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരാണ് യുഎഇ പ്രസിഡൻ്റുമായി സംസാരിച്ചത്. ഇറാൻ്റെ നീക്കം യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന എല്ലാ നീക്കങ്ങൾക്കും തങ്ങളുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും അവർ വാഗ്ദാനം ചെയ്തു. മേഖലയിലെ നിലവിലെ സാഹചര്യം, ഊർജ സുരക്ഷ, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയിലുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
അതിനിടെ, ബെൽജിയവും ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇറാൻ്റെ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗൾഫ് രാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡത മാനിക്കപ്പെടണമെന്നും ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രിവോട്ട് പ്രസ്താവനയിൽ പറഞ്ഞു. മധ്യപൂർവ്വേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളും ചർച്ചകൾക്ക് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.