Select Location
All Locations
State
Region
City / District
ടിഎന്‍ പ്രതാപന്‍ വീണത് വിമതന് മുന്നില്‍; ലീഗ് സ്ഥാനാര്‍ഥി തോറ്റത് 349 വോട്ടിന്, വിമതര്‍ക്ക് 350 വോട്ട്

ടിഎന്‍ പ്രതാപന്‍ വീണത് വിമതന് മുന്നില്‍; ലീഗ് സ്ഥാനാര്‍ഥി തോറ്റത് 349 വോട്ടിന്, വിമതര്‍ക്ക് 350 വോട്ട്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടിയെങ്കിലും രണ്ട് സീറ്റുകള്‍ നഷ്ടമായത് അവര്‍ക്ക് എക്കാലത്തും വേദനയാകും. കാരണം തുച്ഛം വോട്ടുകള്‍ക്കാണ് രണ്ടിടത്തും തോറ്റത്. രണ്ടും സിപിഎം സിറ്റിങ് മണ്ഡലങ്ങളായിരുന്നു. വിമതര്‍ പിടിച്ച വോട്ടുകള്‍ ഇരുവര്‍ക്കും തിരിച്ചടിയായി. ഇതു കൂടി പിടിച്ചിരുന്നെങ്കില്‍ സിപിഎമ്മിന്റെ സീറ്റുകള്‍ 24 ആയി കുറയുമായിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആകെ ലഭിച്ചത് 26 സീറ്റുകളാണ്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് സിപിഎം നടത്തിയത്. അതിനിടെയാണ് രണ്ടു സീറ്റുകളില്‍ കഷ്ടപ്പെട്ട് കടന്നുകൂടിയത്. സി രവീന്ദ്രനാഥ് ജയിച്ച തൃശൂരിലെ മണലൂര്‍ നിയമസഭാ മണ്ഡലത്തിലും കെവി സുമേഷ് ജയിച്ച കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിലുമാണിത്.

അഴീക്കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. കരീം ചേലേരിയാണ് യുഡിഎഫിന് വേണ്ടി മല്‍സരിച്ചത്. 64602 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. സുമേഷിന് 64951 വോട്ടുകളും. അതായത്, 349 വോട്ടുകള്‍ക്ക് സുമേഷ് ജയിച്ചു. അബ്ദുല്‍ കരീം വിവി, കരീം ചന്ദ്രോത്ത് എന്നീ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ യഥാക്രമം 235, 115 വോട്ടുകള്‍ പിടിച്ചു. അതായത്, 350 വോട്ടുകള്‍. കരീം ചേലേരി തോറ്റത് 349 വോട്ടുകള്‍ക്ക്.

സുമേഷിനും വിമതരുണ്ടായിരുന്നു. സുമേഷ് ടിപിക്ക് ലഭിച്ചത് 124 വോട്ടുകളാണ്. സുമേഷ് കുമാര്‍ കെ എന്ന സ്ഥാനാര്‍ഥി 106 വോട്ടുകളും നേടി. അഴീക്കോട് മണ്ഡലത്തില്‍ നോട്ടയ്ക്ക് 576 വോട്ടുകള്‍ കിട്ടി എന്നതും ശ്രദ്ധേയമാണ്. ഈ സീറ്റ് നഷ്ടമായതോടെ മുസ്ലിം ലീഗിന്റെ സീറ്റുകളുടെ എണ്ണം 22 ആയി. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും 23 സീറ്റുകള്‍ മുസ്ലിം ലീഗിന് ലഭിക്കുമെന്ന തോന്നലുണ്ടാക്കിയിരുന്നു.

മണലൂരില്‍ ടിഎന്‍ പ്രതാപന്‍ തോറ്റത് ഇങ്ങനെ ഇതിനേക്കാള്‍ രസകരമാണ് മണലൂര്‍ മണ്ഡലത്തിലെ വോട്ടിങ്. ഇവിടെ ജയിച്ച സി രവീന്ദ്രനാഥിന് ലഭിച്ചത് 65337 വോട്ടുകളാണ്. ടിഎന്‍ പ്രതാപന് 65211 വോട്ടുകളും. പ്രതാപന്‍ തോറ്റത് 126 വോട്ടുകള്‍ക്ക്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ തോറ്റ സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപനാണ്. ഇദ്ദേഹം ജയിച്ചാല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ 64 ആയി ഉയരുമായിരുന്നു. മാത്രമല്ല, മന്ത്രിയാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന നേതാവുമാണ് പ്രതാപന്‍. മണലൂര്‍ മണ്ഡലത്തില്‍ മറ്റൊരു പ്രതാപന്‍ മല്‍സരിച്ചിരുന്നു. സ്വതന്ത്രനായ ഇദ്ദേഹം നേടിയത് 184 വോട്ടുകളാണ്. രവീന്ദ്രനാഥ് കെ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി നേടിയത് 234 വോട്ടുകളും. നോട്ടയ്ക്ക് 676 വോട്ടുകള്‍ ലഭിക്കുകയും ചെയ്തു. പ്രധാന സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മൊത്തം 11 പേരാണ് മണലൂല്‍ മണ്ഡലത്തില്‍ ജനവിധി തേടിയത്. വോട്ടെണ്ണല്‍ പിരിമുറക്കത്തിലേക്ക് എത്തിയപ്പോള്‍ ടിഎന്‍ പ്രതാപന്‍ തപാല്‍ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ആവശ്യപ്പെട്ടു. വീണ്ടും എണ്ണിയിട്ടും കാര്യമുണ്ടായില്ല. 126 വോട്ടിന് പ്രതാപന്‍ തോറ്റു. You May Also Like

എന്നാല്‍ സംസ്ഥാനത്തെ മൊത്തം കണക്കില്‍ മിന്നും ജയമാണ് യുഡിഎഫിന്. യുഡിഎഫ് 102 സീറ്റ് നേടി ചരിത്ര നേട്ടമാണ് കൈവരിച്ചത്. എല്‍ഡിഎഫ് 35 സീറ്റില്‍ ഒതുങ്ങി. അഴീക്കോടും മണലൂരും ജയിച്ചിരുന്നെങ്കില്‍ യുഡിഎഫ് 104ലേക്കും എല്‍ഡിഎഫ് 33ലേക്കും എത്തുമായിരുന്നു. ബിജെപിക്ക് മൂന്ന് സീറ്റ് കിട്ടി എന്നതാണ് വലിയൊരു രാഷ്രീയ മാറ്റം. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളാണ് ബിജെപി കിട്ടിയത്.


One India Malayalam 1 hour ago
Home Flash News