പാക്കിസ്ഥാന്റെ നീക്കത്തിന് പിന്തുണ; പശ്ചിമേഷ്യയിലെ സംഘർഷത്തിൽ സംയമനം പാലിക്കണം: സൗദി
ജിദ്ദ∙ പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളിൽ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖല കൂടുതൽ അസ്ഥിരതയിലേക്ക് നീങ്ങാതിരിക്കാൻ അടിയന്തര രാഷ്ട്രീയ പരിഹാരം വേണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കും പാക്കിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്കും മന്ത്രാലയം പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംഘർഷം തുടരുന്നത് ആഗോള താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും സൗദി ഓർമിപ്പിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതം ഫെബ്രുവരി 28ന് മുമ്പുണ്ടായിരുന്ന സാധാരണ നിലയിലേക്ക് എത്രയും വേഗം മാറ്റേണ്ടത് അനിവാര്യമാണ്. തടസങ്ങളില്ലാത്ത സുരക്ഷിത ഗതാഗതം ഉറപ്പാക്കണമെന്നും പ്രസ്താവനയിലുണ്ട്. അതിനിടെ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി ഫോണിൽ സംസാരിച്ചു. യുഎഇയ്ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച കിരീടാവകാശി, അയൽരാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സൗദി അറേബ്യ കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സമാധാനത്തിനുള്ള വഴികളും ഇരുനേതാക്കളും ചർച്ച ചെയ്തു.