എ.ഐ.എ.ഡി.എം.കെയിൽ പിളർപ്പ് ഭീതി; വിജയ്‌യെ പിന്തുണയ്ക്കാൻ മുപ്പത്തഞ്ചോളം എം.എൽ.എമാർ ഒരുങ്ങുന്നു
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടി.വി.കെ) പിന്തുണയ്ക്കുന്നതിനെ ചൊല്ലി എ.ഐ.എ.ഡി.എം.കെയിൽ കടുത്ത ഭിന്നത. പാർട്ടിയുടെ രാജ്യസഭാ എം.പി സി.വി. ഷൺമുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ മുപ്പത്തഞ്ചോളം എ.ഐ.എ.ഡി.എം.കെ എം.എ.ൽഎമാർ രഹസ്യ യോഗം ചേർന്നതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയാണെന്ന സൂചനകൾ ശക്തമായി. ഡി.എം.കെയെ ഭരണത്തിൽ നിന്ന് അകറ്റിനിർത്താൻ വിജയ്‌യെ പിന്തുണയ്ക്കണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. ഇതോടെ പളനിസ്വാമി ക്യാമ്പ് കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.
നിലവിൽ 108 സീറ്റുകളുള്ള വിജയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ വെറും 10 എം.എൽ.എമാരുടെ പിന്തുണ കൂടി മതിയാകും. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് ഇതിനോടകം തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എ.ഐ.എ.ഡി.എം.കെയിലെ ഒരു വലിയ വിഭാഗം കൂടി പിന്തുണയുമായി എത്തിയാൽ വിജയ്‌ക്ക് വൻ ഭൂരിപക്ഷത്തോടെ അധികാരമേൽക്കാൻ സാധിക്കും. ടി.വി.കെയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ സമീപിച്ചതായാണ് വിവരം.
അതേസമയം, പാർട്ടിയിൽ ഭിന്നതയില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ് ഔദ്യോഗിക നേതൃത്വം. ടി.വി.കെയുമായി സഖ്യം ചേരണോ എന്ന കാര്യം പാർട്ടിയുടെ ഉന്നത നേതൃത്വം തീരുമാനിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യൻ പ്രതികരിച്ചു. ടി.വി.കെ ആരെയും ക്ഷണിച്ചിട്ടില്ലെന്നും സർക്കാരിന് സ്ഥിരത ആവശ്യമുണ്ടെങ്കിൽ തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, എം.എൽ.എമാരുടെ കൂട്ടായ നീക്കം എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്.
234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് വിജയ്‌യുടെ പാർട്ടി നേടിയത്. ഡി.എം.കെ 59 സീറ്റുകളിലും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളിലും ഒതുങ്ങി. ഭരണം പിടിക്കാൻ ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ കോൺഗ്രസിനും സി.വി. ഷൺമുഖം പക്ഷത്തിനും പുറമെ സി.പി.ഐ (2 സീറ്റ്), വി.സി.കെ (2 സീറ്റ്) എന്നീ പാർട്ടികളെയും വിജയ് സമീപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരുടെ നിലപാട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി മാറ്റിവരയ്ക്കുമെന്ന് ഉറപ്പാണ്.