ബംഗാളിലെ BJP-യുടെ വിജയത്തിൽ പ്രതീക്ഷയർപ്പിച്ച് ബംഗ്ലാദേശ്; തീസ്ത കരാറടക്കം മോദി ശരിയാക്കുമെന്ന് BNP
ധാക്ക: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം അയൽരാജ്യവുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം മെച്ചപ്പെടുത്തുന്നതിനും അതിർത്തി കടന്നുള്ള സഹകരണം ശക്തമാക്കുന്നതിനും ഈ ഭരണമാറ്റം ഉപകരിക്കുമെന്നാണ് ബംഗ്ലാദേശിന്റെ വിലയിരുത്തൽ. തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് തടസപ്പെട്ട തീസ്ത നദീജല കരാർ നടപ്പിലാക്കാൻ പുതിയ രാഷ്ട്രീയ സാഹചര്യം സഹായിക്കുമെന്ന പ്രത്യാശയിലാണ് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി).
പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തിൽ അവരെ അഭിനന്ദിച്ച ബിഎൻപിയുടെ ഇൻഫർമേഷൻ സെക്രട്ടറി അസീസുൽ ബാരി ഹെലാൽ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ പ്രകടനത്തെ പ്രശംസിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ട രീതിയിൽ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന തീസ്ത ജലവിതരണ പ്രശ്‌നത്തിൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ അസീസുൽ ബാരി ഹെലാൽ പറഞ്ഞു.
മമത ബാനർജിയുടെ എതിർപ്പാണ് കരാർ വൈകാൻ കാരണമെന്നും ബിജെപി അധികാരത്തിൽ വരുന്നതോടെ നരേന്ദ്രമോദിയുടെ ഇടപെടലിൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടും എന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെലാൽ വ്യക്തമാക്കി. ദീർഘകാലമായി നിലനിൽക്കുന്ന ജല തർക്കം പരിഹരിക്കപ്പെടുന്നത് കാർഷിക മേഖലയ്ക്കും ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിനും പുതിയ ഉണർവ് നൽകുമെന്ന് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നു. ഹെലാലിന്റെ അഭിപ്രായത്തിൽ, അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വിജയം ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. തീസ്ത ബാരേജ് കരാറിനെ ബംഗ്ലാദേശ് സർക്കാരും നരേന്ദ്രമോദി സർക്കാരും ശക്തമായി പിന്തുണച്ചിരുന്നുവെന്നും തൃണമൂലിന് പകരം ബിജെപി അധികാരത്തിൽ വന്നതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സുവേന്ദു അധികാരിയുടെ നേതൃത്വത്തിന് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
യഥാർത്ഥത്തിൽ, തീസ്ത ബാരേജ് കരാറിന് മമത ബാനർജി ഒരു തടസ്സമായിരുന്നു. സുവേന്ദുവിന്റെ നേതൃത്വത്തിൽ ബിജെപി വിജയിച്ച സാഹചര്യത്തിൽ, ബംഗ്ലാദേശ് സർക്കാരും മോദി സർക്കാരും ഏറെ ആഗ്രഹിച്ച ഈ പദ്ധതി നടപ്പിലാക്കാൻ അദ്ദേഹം സഹായിക്കും. തൃണമൂലിന് പകരം ബിജെപി അധികാരം പിടിച്ചെടുത്തതോടെ തീസ്ത ബാരേജ് പദ്ധതി നടപ്പിലാകുമെന്നാണ് ഞാൻ കരുതുന്നത്.' ഹെലാൽ പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ജലവിഭജനത്തിൽ പരിഹരിക്കപ്പെടാത്ത പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് തീസ്ത തർക്കം. 1983-ൽ തീസ്ത ജലത്തിന്റെ കാര്യത്തിൽ ഒരു താൽക്കാലിക കരാറിൽ എത്തിയിരുന്നു. അതനുസരിച്ച് ബംഗ്ലാദേശിന് 36 ശതമാനവും ഇന്ത്യയ്ക്ക് 39 ശതമാനവും ജലം ലഭിക്കുമെന്നും ബാക്കി 25 ശതമാനം പിന്നീട് തീരുമാനിക്കുമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, ആ ക്രമീകരണം ഒരിക്കലും പൂർണ്ണമായി നടപ്പിലാക്കിയില്ല.
1996-ലെ ഗംഗാ ജല കരാർ, ഫറാക്ക ബാരേജിൽ വേനൽക്കാലത്തെ ജലവിഭജനം നിയന്ത്രിക്കുന്നുണ്ടെങ്കിലും, വരണ്ട മാസങ്ങളിൽ ഇന്ത്യ ആവശ്യത്തിന് വെള്ളം വിട്ടുനൽകുന്നില്ലെന്നും ഇത് നദിയുടെ താഴത്തെ ഭാഗങ്ങളിലെ കൃഷിയെയും ഉപജീവനത്തെയും ബാധിക്കുന്നുവെന്നും ബംഗ്ലാദേശ് ആരോപിക്കുന്നു. കരാർ കാലാവധി ഈ വർഷത്തോടെ അവസാനിക്കാനിരിക്കെ, തീസ്ത ജലത്തിൽ അർഹമായ വിഹിതം ലഭിക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, സ്വന്തം ജല ആവശ്യങ്ങൾ മുൻനിർത്തി പശ്ചിമ ബംഗാൾ എതിർക്കുന്നതിനാൽ കരാർ അനിശ്ചിതത്വത്തിലാണ്. 2011-ൽ പ്രധാനമന്ത്രി മൻമോഹൻ സിങ് ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ, തീസ്ത ജലത്തിന്റെ 37.5 ശതമാനം ബംഗ്ലാദേശിനും 42.5 ശതമാനം ഇന്ത്യയ്ക്കും ലഭിക്കുന്ന തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ കാർഷിക താൽപ്പര്യങ്ങളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ സർക്കാർ എതിർത്തതോടെ ആ പദ്ധതി നടപ്പായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2015-ലെ ധാക്ക സന്ദർശനം, നീതിയുക്തവും തുല്യവുമായ ജലവിഭജന കരാറിലൂടെ മുൻകാല അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ നൽകിയിരുന്നു.
ഇന്ത്യയും ബംഗ്ലാദേശും 54 നദികൾ പങ്കിടുന്നുണ്ടെങ്കിലും ഗംഗാ ജല കരാർ, കുഷിയാര നദി കരാർ എന്നിങ്ങനെ രണ്ട് കരാറുകൾ മാത്രമാണ് ഇതുവരെ ഒപ്പിട്ടിട്ടുള്ളത്. തീസ്ത, ഫെനി എന്നിവയുൾപ്പെടെയുള്ള മറ്റ് നദികളുടെ കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്. ബിഎൻപിയും ബിജെപിയും തമ്മിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും തീസ്ത ബാരേജ്, ഇന്ത്യ-ബംഗ്ലാദേശ് ബന്ധം തുടങ്ങിയ ചില വിഷയങ്ങളിൽ ഇരുപക്ഷവും ഒന്നാണെന്നും പശ്ചിമ ബംഗാളിലെ പുതിയ സർക്കാർ ഈ ബന്ധം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നും ഹെലാൽ പറഞ്ഞു.