Select Location
All Locations
State
Region
City / District
മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നു: നിയുക്ത MLAമാരുമായുള്ള AICC നിരീക്ഷകരുടെ കൂടിക്കാഴ്ച പൂർത്തിയായി

മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നു: നിയുക്ത MLAമാരുമായുള്ള AICC നിരീക്ഷകരുടെ കൂടിക്കാഴ്ച പൂർത്തിയായി

മുഖ്യമന്ത്രി പദത്തിനായി നേതാക്കളുടെ ചരടുവലികൾക്കിടെ, നിയുക്ത എംഎൽഎമാരുമായുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച പൂർത്തിയായി. റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുമെന്നും, തീരുമാനം എഐസിസി അധ്യക്ഷൻ എടുക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജയ് മാക്കനും മുകുൾ വാസ്നിക്കും പ്രതികരിച്ചു. സത്യപ്രതിജ്ഞ 15ന് ശേഷമാകും ഉണ്ടാവുക. ഹൈക്കമാൻഡ് നിരീക്ഷകർ രാത്രി ഡൽഹിയിലേക്ക് മടങ്ങും. നാളെ ഡൽഹിയിൽ യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെയും കെപിസിസി പ്രസിഡന്റിനെയും നേതൃത്വം ഡൽഹിക്ക് വിളിപ്പിക്കും. 63 അംഗ നിയസഭാകക്ഷിയിൽ 46 പേരുടെ പിന്തുണ കെ സി വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നു. എന്നാൽ 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശൻ വിഭാഗവും, 28 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ളവരും പറയുന്നു.

മുഖ്യമന്ത്രി ആരെന്ന് നേതൃത്വം ചർച്ച ചെയ്യുന്നതിനിടെ, നേതാക്കൾക്കായി തെരുവിൽ ഫ്ലക്സ് പോര്. കെപിസിസി ആസ്ഥാനത്ത് കെ സി വേണുഗോപാലിനായി കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചു. ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിൽ കെ സി വേണുഗോപാലിനെതിരെ വെച്ച ഫ്ലക്സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ കീറി കളഞ്ഞു. ഇതിനിടെ വി ഡി സതീശനായി തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തുള്ള പ്രചാരണമാണ് കണ്ണൂർ പേരാവൂരിലും തൃശൂർ കൊടുങ്ങല്ലൂരിലും. ഇരിട്ടിയിൽ സതീശന് വേണ്ടി പ്രകടനം നടത്താനാണ്, പേരാവൂർ കോൺഗ്രസുകാർ എന്ന പേരിൽ കണ്ണൂരിലെ ആഹ്വാനം. കോട്ടയത്ത് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ പന്തം കൊളുത്തി പ്രകടനം നടന്നിരുന്നു.


24 News 54 minutes ago
Home Flash News