അവതാറിലെ മുഖം തന്‍റേത്! കാമറൂണിനും വാൾട്ട് ഡിസ്നിക്കുമെതിരേ കേസുമായി യുവനടി
അവതാറിലെ പ്രധാന കഥാപാത്രത്തിനായി തന്‍റെ ഫേഷ്യല്‍ ഫീച്ചറുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ച് സംവിധായകന്‍ ജെയിംസ് കാമറൂണിനും വാൾട്ട് ഡിസ്നി കമ്പനിക്കുമെതിരെ കേസുമായി യുവനടി. 2005-ൽ പുറത്തിറങ്ങിയ ദി ന്യൂ വേൾഡ് എന്ന സിനിമയില്‍ അഭിനയിച്ച ക്വോറിയങ്ക കിൽച്ചറാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. തന്‍റെ ഒരു ഫോട്ടോ അടിസ്ഥാനമാക്കിയാണ് കാമറൂണ്‍ നെയ്തിരിയുടെ രൂപം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ആരോപണം. ദി ന്യൂ വേൾഡ് എന്ന ചിത്രത്തിന്‍റെ ലോസ് ഏഞ്ചൽസ് ടൈംസ് പരസ്യത്തിലെ ഫോട്ടോയാണ് ഇതിനായി ഉപയോഗിച്ചതെന്നും നടി പറയുന്നു. ‘ഹോളിവുഡിലെ ഏറ്റവും ശക്തരായ ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാൾ തന്‍റെ ബയോമെട്രിക് ഐഡന്റിറ്റിയും സാംസ്കാരിക പൈതൃകവും ചൂഷണം ചെയ്യുകയും തനിക്ക് ക്രെഡിറ്റോ നഷ്ടപരിഹാരമോ നല്‍കാതെ ഒരു വാണിജ്യ സിനിമയ്ക്കായി ഉപയോഗിക്കുകയും ചെയ്തു. അതുവഴി റെക്കോര്‍ഡുകള്‍ തകത്ത ഒരു സിനിമാ ഫ്രാഞ്ചൈസി നിര്‍മിക്കുകയും ചെയ്തു’ എന്നാണ് പരാതിയില്‍ പറയുന്നത്. കോടിക്കണക്കിന് ഡോളർ വരുമാനം നേടിയ അവതാർ പരമ്പര തങ്ങളുടെ നാടിനുവേണ്ടി പോരാടുന്ന ഒരു വര്‍ഗത്തിന്‍റെ കഥ പറയുമ്പോള്‍ തന്നെ തിരശ്ശീലയ്ക്ക് പിന്നില്‍ ഒരാള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നും കേസില്‍ പറയാറുന്നുണ്ട്.
കഴിഞ്ഞ വർഷം ജെയിംസ് കാമറൂണിന്റെ അഭിമുഖത്തിന്‍റെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം തന്റെ മുഖഭാവങ്ങൾ ഉപയോഗിച്ചതായി അറിഞ്ഞതെന്നും നടി പറയുന്നുണ്ട്. നെയ്തിരി എന്ന കഥാപാത്രത്തിന്‍റെ യഥാർഥ ഉറവിടം എൽഎ ടൈംസിലെ ഒരു ഫോട്ടോയായിരുന്നു എന്ന് ആ ക്ലിപ്പില്‍ കാമറൂണ്‍ പറയുന്നുണ്ട്. മാത്രമല്ല, ആദ്യ അവതാർ സിനിമയുടെ റിലീസിന് ശേഷം 2010-ൽ നടിയും കാമറൂണും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നെന്നും അതിനിടയില്‍ സംവിധായകൻ തനിക്ക് ഒരു സമ്മാനം നല്‍കിയതായും നടി പറയുന്നു. അദ്ദേഹം തന്നെ വരച്ച് ഒപ്പിട്ട നെയ്‌തിരിയുടെ സ്കെച്ചായിരുന്നു അത്. സ്കെച്ചിനൊപ്പം, കാമറൂൺ തനിക്ക് ഒരു കുറിപ്പും നൽകി. ‘നിന്റെ സൗന്ദര്യമായിരുന്നു നെയ്‌തിരിക്ക് പ്രചോദനം. സങ്കടകരം എന്തെന്നാല്‍ അപ്പോള്‍ നീ മറ്റൊരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. അടുത്ത തവണയാകട്ടെ’ എന്നായിരുന്നു കുറിപ്പില്‍. നടിയുടെ ഏജന്റ് ശ്രമിച്ചിട്ട് പോലും കാമറൂൺ അവരെ അവതാര്‍ പ്രോജക്റ്റിലേക്ക് ബുക്ക് ചെയ്യാൻ ശ്രമിച്ചില്ലെന്നും പരാതിയിലുണ്ട്. അതേസമയം. അവതാർ ചിത്രങ്ങളിൽ നെയ്തിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതാകട്ടെ അഭിനേത്രിയായ സോയ് സാൽഡാനയാണ്. തന്‍റെ മുഖം ഉപയോഗിച്ചതിന് നഷ്ടപരിഹാരവും ക്രെഡിറ്റും ആവശ്യപ്പെട്ടാണ് ക്വോറിയങ്ക കിൽച്ചര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചലച്ചിത്ര ഫ്രാഞ്ചൈസികളിൽ അവതാര്‍. ഇതിലെ ആദ്യ ചിത്രം ലോകമെമ്പാടുമായി 2.92 ബില്യൺ ഡോളറിലധികം വരുമാനം നേടിയിരുന്നു. രണ്ട് തുടർഭാഗങ്ങള്‍ 1.5 ബില്യൺ ഡോളറിലധികം വരുമാനം നേടുകയും ചെയ്തു.