Select Location
All Locations
State
Region
City / District
കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചുകയറി; യുവനടനും സുഹൃത്തിനും ദാരുണാന്ത്യം

കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചുകയറി; യുവനടനും സുഹൃത്തിനും ദാരുണാന്ത്യം

ഹൈദരാബാദിലെ ആദിബത്‌ലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവനടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. തെലുങ്ക് നടൻ കെ.ഭരത് കാന്ത് (31), സുഹൃത്തും ഛായാഗ്രാഹകനും യൂട്യൂബറുമായ ജി.സായ് ത്രിലോക് (31) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആദിബത്‌ലയ്ക്ക് സമീപം ഔട്ടർ റിങ് റോഡിലായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ് ഇരുവരും. പൊലീസ് പറയുന്നതനുസരിച്ച്, ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്നർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. ഭരത് കാന്തും സായ് ത്രിലോകും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ കണ്ടെയ്‌നർ ലോറിയുടെ പിൻചക്രങ്ങളും ഊരിപ്പോയി. കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭരത് കാന്തായിരുന്നു കാര്‍ ഓടിച്ചിരുന്നത് എന്നാണ് വിവരം.

അമിത വേഗതയും ക്ഷീണം അവഗണിച്ചുകൊണ്ടുള്ള ഡ്രൈവിങുമാണ് അപകടത്തിന് കാരണമായത് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

നർത്തകൻ, കണ്ടന്റ് ക്രിയേറ്റര്‍, നടൻ എന്നീ നിലകളിൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാണ് 31 കാരനായ ഭരത് കാന്ത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 40,000 ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 30,000 സബ്‌സ്‌ക്രൈബർമാരുമുണ്ടായിരുന്നു ഭരതിന്. ടെനന്റ് , ഗ്രാമം തുടങ്ങിയ തെലുങ്ക് സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം, ഡിജിറ്റൽ, ഫിലിം പ്രോജക്ടുകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സായ് ത്രിലോക്.

അപകട വാർത്ത പുറത്തുവന്നതിന് പിന്നാലെ ഭരത് കാന്തിന്റെ ഇൻസ്റ്റാഗ്രാമിലെ അവസാന പോസ്റ്റും വൈറലായി. തായ്‌ലൻഡിലെ ബാങ്കോക്കിലെ ഒരു മാളിൽ നിന്നുള്ളതായിരുന്നു പോസ്റ്റ്. ‘എനിക്കിത് പറഞ്ഞേ തീരൂ. നീ വളരെ സുന്ദരിയാണ്’ എന്നായിരുന്നു തന്‍റെ ഫോട്ടോ പങ്കുവച്ച് ഭരത് കുറിച്ചിരുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് താഴെ ആദരാഞ്ജലികള്‍ നേരുന്നത്.


Manorama News 1 hour ago
Home Flash News