'മുള്ളുവേലിയെ ഭയമില്ല'; നുഴഞ്ഞുകയറ്റം തടയാൻ വേലി കെട്ടാനുള്ള ബംഗാൾ സർക്കാരിന്റെ നീക്കത്തിനെതിരെ ബംഗ്ലാദേശ്
പശ്ചിമ ബംഗാൾ ബംഗ്ലാദേശുമായി 2,216 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
നുഴഞ്ഞുകയറ്റം തടയാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മുള്ളുവേലി കെട്ടാനുള്ള ബംഗാൾ സർക്കാരിന്റെ നീക്കത്തിനെതിരെ ബംഗ്ലാദേശ്.മുള്ളുവേലികൾ കാട്ടി ധാക്കയെ ഭയപ്പെടുത്താനാവില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂൺ കബീർ പ്രതികരിച്ചു.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അതിർത്തി വേലി സ്ഥാപിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി വിട്ടുനൽകാൻ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തീരുമാനിച്ചത്. പശ്ചിമ ബംഗാൾ ബംഗ്ലാദേശുമായി 2,216 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
ബംഗ്ലാദേശിലെ ജനങ്ങൾക്കോ സർക്കാരിനോ മുള്ളുവേലികളെ പേടിയില്ലെന്നും ചർച്ചകൾ ആവശ്യമായ ഇടങ്ങളിൽ തങ്ങൾ സംസാരിക്കുമെന്നും ഹുമയൂൺ കബീർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്തെ പ്രസംഗങ്ങളും യഥാർത്ഥ ഭരണവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് സുവേന്ദു അധികാരിയെ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യൻ സർക്കാർ കുറച്ചുകൂടി മാനുഷികമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി കടന്നുള്ള കുടിയേറ്റക്കാരെ ബലമായി തിരിച്ചയക്കുന്ന 'പുഷ്-ബാക്ക്' നടപടികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോയാൽ ബംഗ്ലാദേശ് നിശബ്ദമായിരിക്കില്ലെന്നും തങ്ങൾക്കും സ്വന്തമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെ ആളുകളെ ബംഗ്ലാദേശിലേക്ക് തള്ളുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദും നേരത്തെ പ്രതികരിച്ചിരുന്നു. അതിർത്തിയിൽ ജാഗ്രത പാലിക്കാൻ ബോർഡർ ഗാർഡ് ബംഗ്ലാദേശിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ പ്രതികരണം
ബംഗ്ലാദേശിന്റെ ഈ ആശങ്കകളോട് പ്രതികരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, രേഖകളില്ലാതെ ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രസ്താവനകളെ കാണേണ്ടതെന്ന് വ്യക്തമാക്കി. അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കുന്ന കാര്യത്തിൽ ബംഗ്ലാദേശിന്റെ സഹകരണം ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ ഒരു രാഷ്ട്രീയ വിഷയമായി കാണാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.