Select Location
All Locations
State
Region
City / District
മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ ലീഗ് നേതൃയോഗം നാളെ പാണക്കാട്ട്; മന്ത്രിമാരെ തീരുമാനിച്ചേക്കും?

മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ ലീഗ് നേതൃയോഗം നാളെ പാണക്കാട്ട്; മന്ത്രിമാരെ തീരുമാനിച്ചേക്കും?

മലപ്പുറം: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, മുസ്‌ലിം ലീഗ് നേതൃയോഗം പാണക്കാട്ട് ചേരും. നാളെയാണ് യോഗം നടക്കുക. നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. നിർണായക വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി തർക്കത്തിൽ ഇനി ലീഗിന്റേതായ പുതിയ തീരുമാനങ്ങൾക്ക് സാധ്യത ഇല്ലെന്നാണ് കരുതുന്നത്.

എങ്കിലും വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ തമ്മിലുള്ള വടംവലിയിൽ ലീഗിന്റെ നിലപാടിൽ വ്യക്തത വരുമോ എന്നാണ് മറ്റ് ഘടകകക്ഷികളും പാർട്ടി പ്രവർത്തകരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. എന്നാൽ നിലവിലെ സ്ഥിതിയിൽ ലീഗ് പ്രത്യേകിച്ച് ഒരു തീരുമാനവും ഇതിൽ അറിയിക്കാൻ സാധ്യത ഇല്ല.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം കോൺഗ്രസിനാണെന്ന് മുതിർന്ന ലീഗ് നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കോൺഗ്രസ് നേതൃത്വത്തിനാണ് ആ തീരുമാനമെടുക്കാൻ അവകാശമുള്ളതെന്നും ആ തീരുമാനത്തോടൊപ്പം പാർട്ടി നിൽക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നിലപാട് അറിയിച്ചത്. എങ്കിലും സതീശനാണ് ലീഗിന്റെ പ്രഥമ പരിഗണന. ഈ ഇരട്ട നിലപാട് പ്രായോഗികമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് പാണക്കാട്ടെ നേതൃയോഗത്തിൽ തീരുമാനിച്ചേക്കും. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ അന്തിമഘട്ടത്തിലെത്തുമ്പോൾ സതീശന്റെ പേര് തുടർന്നും ഉയർത്തിപ്പിടിക്കുമോ അതോ കൂടുതൽ നിഷ്‌പക്ഷമായ സമീപനം പാർട്ടി സ്വീകരിക്കുമോ എന്നതാണ് പ്രധാന ചോദ്യം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് നീണ്ടുപോകുന്നതിലുള്ള അണികളുടെ ആശങ്ക മറ്റൊരു പ്രധാന വിഷയമാണ്. പ്രഖ്യാപനത്തിലെ കാലതാമസം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചെന്നും കല്യാണ വീടുകളിൽ പോലും നേതാക്കൾക്ക് ഇക്കാര്യം വിശദീകരിക്കേണ്ടി വന്നെന്നും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്‌ദുൾ ഹമീദ് പറഞ്ഞിരുന്നു.

മന്ത്രിമാരെ തീരുമാനിക്കുമോ? മന്ത്രിസഭാ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലും ഈ യോഗം പ്രാധാന്യമർഹിക്കുന്നു. ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി സ്ഥാനവും ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവകാശവാദമുന്നയിക്കുന്നില്ലെന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തശേഷം മാത്രമേ വകുപ്പുകളെക്കുറിച്ച് സംസാരിക്കൂ എന്നുമാണ് നേതാക്കൾ പറഞ്ഞത്.

എങ്കിലും ഒരു പ്രാഥമിക ധാരണ ഇക്കാര്യത്തിൽ ഉണ്ടാക്കാനാവും നിലവിൽ ലീഗ് നാളത്തെ യോഗത്തിൽ ശ്രമിക്കുക. കോൺഗ്രസിന്റെ 63 സീറ്റ് എന്ന വലിയ നേട്ടം മുൻപിൽ ഉള്ളതിനാൽ ലീഗ് നേതൃത്വം കരുതലോടെയാവും ആവശ്യങ്ങൾ ഉന്നയിക്കുക എന്നുറപ്പാണ്. പക്ഷേ, അഞ്ച് മന്ത്രിസ്ഥാനത്തിൽ അധികം പാർട്ടി ആവശ്യപ്പെട്ടാലും അത് നടക്കാൻ ഇടയില്ലെന്നാണ് കരുതുന്നത്.


One India Malayalam 1 hour ago
Home Flash News