രാജയോഗം! വിജയ് യുടെ ജ്യോത്സ്യന് മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയി നിയമനം
മുഖ്യമന്ത്രി വിജയ് യുടെ രാഷ്ട്രീയ സഹായിയായി അദ്ദേഹം പ്രവർത്തിക്കും. വിജയ് യുടെ ജ്യോതിഷിയായി അറിയപ്പെടുന്ന വെട്രിവേലിനെ നേരത്തെ ടിവികെയുടെ വക്താക്കളിൽ ഒരാളായി നിയമിച്ചിരുന്നു
ചെന്നൈ: തമിഴക വെട്രി കഴകം (TVK) സർക്കാരിൽ മുഖ്യമന്ത്രി വിജയ് യുടെ അടുത്ത അനുയായിയും ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ പ്രധാന സർക്കാർ പദവിയിൽ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (പൊളിറ്റിക്കൽ) ആയിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തമിഴ്‌നാട് സർക്കാർ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രി വിജയ് യുടെ രാഷ്ട്രീയ സഹായിയായി അദ്ദേഹം പ്രവർത്തിക്കും. വിജയ് യുടെ ജ്യോതിഷിയായി അറിയപ്പെടുന്ന വെട്രിവേലിനെ നേരത്തെ ടിവികെയുടെ വക്താക്കളിൽ ഒരാളായി നിയമിച്ചിരുന്നു.
നിയമന ഉത്തരവ്
ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ചുമതലയേൽക്കുന്ന തീയതി മുതൽ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കൽ) ആയി നിയമിതനായി. അദ്ദേഹത്തിന്റെ സേവന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പ്രത്യേകം അറിയിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
മെയ് 10ന് ഉച്ചയ്ക്ക് 3.45ന് നടക്കേണ്ടിയിരുന്ന വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങ്, വെട്രിവേലിന്റെ നിർദ്ദേശപ്രകാരം ശുഭമുഹൂർത്തം നോക്കി രാവിലെ 10 മണിയിലേക്ക് മാറ്റിയിരുന്നു. വിജയ് യുടെ രാഷ്ട്രീയ യാത്രയിലുടനീളം അദ്ദേഹത്തിന്റെ വിശ്വസ്തരുടെ പട്ടികയിൽ വെട്രിവേൽ മുൻപന്തിയിലുണ്ട്
രാഷ്ട്രീയ പ്രവചനങ്ങൾ
നാല് പതിറ്റാണ്ടിലേറെയായി ജ്യോതിഷ-സംഖ്യാശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് വെട്രിവേൽ. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും വൻ വിജയം നേടുമെന്നും അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. വിജയ് യുടെ ജാതകം ഒരു "സുനാമി ജാതകം" ആണെന്നും അത് അദ്ദേഹത്തിന്റെ അസാധാരണമായ രാഷ്ട്രീയ വളർച്ചയെ സൂചിപ്പിക്കുന്നുവെന്നും പറയുന്ന വെട്രിവേലിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിജയ് തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രിയുടെ വാഹനത്തിൽ വെട്രിവേലിനെ കണ്ടത് നേരത്തെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധമാണ് പുതിയ നിയമനത്തിലൂടെ വ്യക്തമാകുന്നത്.