Select Location
All Locations
State
Region
City / District
കനത്ത സുരക്ഷയിൽ ബെയ്ജിങ്; ട്രംപിനെ കാത്ത് ലക്ഷങ്ങൾ വിലയുള്ള 'സുരക്ഷിത കോട്ട'; വധശ്രമങ്ങളുടെ പശ്ചാത്തലത്തിൽ മുമ്പൊങ്ങുമില്ലാത്ത സുരക്ഷാ വലയം!

കനത്ത സുരക്ഷയിൽ ബെയ്ജിങ്; ട്രംപിനെ കാത്ത് ലക്ഷങ്ങൾ വിലയുള്ള 'സുരക്ഷിത കോട്ട'; വധശ്രമങ്ങളുടെ പശ്ചാത്തലത്തിൽ മുമ്പൊങ്ങുമില്ലാത്ത സുരക്ഷാ വലയം!

അമേരിക്കൻ പ്രസിഡന്റിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായി ബെയ്ജിങ്ങിൽ അസാധാരണമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുങ്ങുന്നു. ചൈനീസ് ദേശീയ പതാക പതിപ്പിച്ച കറുത്ത വസ്ത്രങ്ങൾ ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ എംബസിക്ക് തൊട്ടടുത്തുള്ള കെംപിൻസ്കി ഹോട്ടലിലും പരിസരത്തും നിലയുറപ്പിച്ചിരിക്കുകയാണ്. ‍അമേരിക്കൻ, ചൈനീസ് സുരക്ഷാ ഏജൻസികൾ സംയുക്തമായി ഹോട്ടലിന്റെ പ്ലാനുകളും യാത്രാ വഴികളും പരിശോധിക്കുന്നു എംബസിക്ക് തൊട്ടടുത്തുള്ള ഈ ഹോട്ടൽ സുരക്ഷാ കാരണങ്ങളാലും പ്രോട്ടോക്കോൾ പാലിക്കാനുള്ള എളുപ്പത്തിനാലുമാണ് തിരഞ്ഞെടുത്തതെന്നാണ് സൂചന.

ട്രംപിനായി ഹോട്ടലിൽ ഒരുങ്ങുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന 'രാജകീയ വസതി' (Royal Suite). സ്വകാര്യ ഓഫീസും ഡൈനിങ് റൂമും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഈ മുറിക്ക് ഒരു രാത്രിക്ക് ഏകദേശം 100,000 യുവാൻ (ഏകദേശം 12 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെയാണ് ചെലവ് കണക്കാക്കുന്നത്.

അടുത്തിടെ ട്രംപിന് നേരെയുണ്ടായ ആവർത്തിച്ചുള്ള ആക്രമണ ശ്രമങ്ങളുടെയും വധശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ ഇത്തവണത്തെ സന്ദർശനത്തിൽ മുമ്പൊങ്ങുമില്ലാത്ത വിധം സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സീക്രട്ട് സർവീസ് സുരക്ഷാ കോട്ട തന്നെ ഹോട്ടലിൽ തീർത്തിട്ടുണ്ട്.

മൾട്ടി-ലെയർ സ്ക്രീനിങ്: സന്ദർശന വേദിയിലേക്കും ഹോട്ടലിലേക്കും പ്രവേശിക്കുന്ന ഓരോ വ്യക്തിയെയും കടുത്ത പരിശോധനകൾക്ക് ശേഷമേ കടത്തിവിടുകയുള്ളൂ. സമീപകാലത്തെ വെടിവെപ്പ് സംഭവങ്ങളെത്തുടർന്ന് ആധുനിക സ്കാനിങ് സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ആന്റി,ഡ്രോൺ കവചം: ഡ്രോണുകൾ വഴിയുള്ള ആക്രമണ ഭീഷണി മുന്നിൽ കണ്ട് അത്യാധുനിക ഇലക്ട്രോണിക് ജാമറുകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്നൈപ്പർ നിരീക്ഷണം: ഹോട്ടലിന് ചുറ്റുമുള്ള കെട്ടിടങ്ങളുടെ മുകളിൽ അമേരിക്കൻ, ചൈനീസ് സുരക്ഷാ ഏജൻസികളുടെ വിദഗ്ധരായ സ്നൈപ്പർമാർ മുഴുവൻ സമയ നിരീക്ഷണത്തിലുണ്ടാകും.

ബീസ്റ്റ് എന്ന കരുത്തൻ: വെടിയുണ്ടകളെയും ബോംബുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ' ബീസ്റ്റ്' എന്ന കവചിത വാഹനം ചൈനയിൽ എത്തിച്ചുകഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ സെക്കൻഡുകൾക്കുള്ളിൽ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള 'ഇവാക്വേഷൻ പ്ലാനുകൾ' പലതവണ മോക് ഡ്രില്ലുകൾ വഴി പരിശോധിച്ചുറപ്പിച്ചു.

നിർണായകമായ ഷി-ട്രംപ് കൂടിക്കാഴ്ച ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രസിഡന്റ് ട്രംപ് ബെയ്ജിങ്ങിലെത്തുന്നത്. വ്യാഴാഴ്ച രാവിലെ നടക്കുന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് ബെയ്ജിങ്ങിലെ പ്രശസ്തമായ ടെമ്പിൾ ഓഫ് ഹെവൻ പാർക്ക് സന്ദർശിക്കാനും വൈകുന്നേരം സ്റ്റേറ്റ് ഡിന്നറിൽ പങ്കെടുക്കാനും ട്രംപിന് പരിപാടിയുണ്ട്. 2017-ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ലോകരാഷ്ട്രീയവും സാമ്പത്തിക ബന്ധങ്ങളും ചർച്ചയാകുന്ന ഈ കൂടിക്കാഴ്ചയെ അതീവ താല്പര്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.


Manorama News 1 hour ago
Home Flash News