‘ഈ രീതി യുഡിഎഫിന് ഗുണം ചെയ്യില്ല, വോട്ടർമാർ നിരാശയിൽ’: കോൺഗ്രസിനെതിരെ എൻ കെ പ്രേമചന്ദ്രൻ എംപി, എം എം ഹസനെതിരെയും രൂക്ഷ വിമർശനം
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസിന് എതിരെ എൻ കെ പ്രേമചന്ദ്രൻ എം പി. രാഷ്ട്രീയ അനിശ്ചിതത്വം നില നിൽക്കുന്നുണ്ടെന്നും ഇത് നിർഭാഗ്യകരമായ അവസ്ഥയാണെന്നും ആർ എസ് പി നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ എസ് പി നിലപാട് ഇതിനോടകം ഹൈക്കമാൻ്റിന് മുന്നിൽ വ്യക്തമാക്കിയതാണ്. മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ അധികരത്തിലേറി കഴിഞ്ഞു. കേരളത്തിലെ സ്ഥിതി വോട്ടർന്മാർക്ക് നിരാശ ഉണ്ടാക്കി. ഈ രീതി തുടരുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ല, എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. ഉടൻ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻ്റ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കപ്പെടണമെന്നും പറഞ്ഞു. നയപരമായ തീരുമാനം എടുക്കാൻ ഹൈക്കമാൻ്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എം എം ഹസ്സന് എതിരെയും എൻ കെ പ്രേമചന്ദ്രൻ എം പി രൂക്ഷ വിമർശനം ഉന്നയിച്ചു. ഘടക കക്ഷികൾ ആരും പരസ്യ നിലപാട് സ്വീകരിച്ചില്ല. നയപരമായ നിലപാട് ഹൈക്കമാൻ്റിൻ്റെ പ്രതിനിധികളെ അറിയിക്കുകയാണ് ചെയ്തത്. ഹൈക്കമാൻ്റ് ക്ഷണിച്ചിട്ടാണ് നിലപാട് വ്യക്തമാക്കിയത്. അല്ലാതെ വെറുതേ കയറി ചെന്ന് പറയുകയായിരുന്നില്ല. ഘടക കക്ഷികൾ അരുതാത്തത് ചെയ്തുവെന്ന് ഹസ്സൻ പറയുന്നത് നിർഭാഗ്യകരമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വിമർശിച്ചു.