അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു
മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, എം.പി അബ്‌ദുസമദ് സമാദാനി, പി.വി അബ്‌ദുൾ വഹാബ് എം.പി എന്നിവർ എത്തി. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനിടെയാണ് മുസ്ലിം ലീഗ് യോഗം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ 8 ഉന്നത നേതാക്കൾ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചർച്ചയാകും.
മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനങ്ങൾ, വകുപ്പുകൾ തുടങ്ങിയ കാര്യങ്ങളിലും ഇന്നത്തെ യോഗത്തിൽ ധാരണയുണ്ടായേക്കും.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപെട്ടു അന്തിമ തീരുമാനം ഇന്ന് ഡൽഹിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വി.ഡി സതീശനായി ലീഗ് നടത്തുന്ന ശക്തമായ വാദം ഹൈക്കമാൻഡ് തീരുമാനത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച വിഡി സതീശനെയാണ് ലീഗ് പിന്തുണയ്ക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പ്രക്യാപനം നീണ്ടുപോകുന്നതിനാൽ, അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്നത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആഹ്ലാദ പ്രകടനത്തിനു പോലും മങ്ങലേൽപ്പിച്ചതായി ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടിരുന്നു.