Select Location
All Locations
State
Region
City / District
അഞ്ച് ഹോട്ടലുകളുടെ കരാറില്‍ ഒപ്പുവെച്ച് അദാനി ഗ്രൂപ്പും ഐ.എച്ച്.ജി ഹോട്ടല്‍സും

അഞ്ച് ഹോട്ടലുകളുടെ കരാറില്‍ ഒപ്പുവെച്ച് അദാനി ഗ്രൂപ്പും ഐ.എച്ച്.ജി ഹോട്ടല്‍സും

അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡും ഐ.എച്ച്.ജി ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സും അഞ്ച് ഹോട്ടലുകളുടെ കരാറിൽ ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലുമായി ഏകദേശം 1,500 മുറികളുള്ള ഹോട്ടലുകൾ വികസിപ്പിക്കും. കരാറിന്റെ ഭാഗമായി ഐ.എച്ച്.ജിയുടെ ബ്രാൻഡായ കിംപ്ടൺ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റുകൾ ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തും.


ജയ്പൂർ, മംഗളൂരു, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിൽ ഹോട്ടലുകൾ വികസിപ്പിക്കും. ഇന്ത്യയിലെ വ്യോമയാന, ടൂറിസം മേഖലകളിലെ ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ ഹോട്ടലുകൾ കൊണ്ടുവരാനുള്ള നീക്കമെന്ന് അദാനി ഗ്രൂപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു. വ്യോമയാനം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് പ്രധാന നഗരങ്ങളിലായി ഏകദേശം 663 ഏക്കർ വിസ്തൃതിയുള്ള വിമാനത്താവള നഗര പദ്ധതികൾ വികസിപ്പിക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഇന്ത്യയുടെ വളർന്നുവരുന്ന വ്യോമയാന ശൃംഖലയ്ക്ക് ചുറ്റും യാത്രാ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ നിർമിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യമെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഡയറക്ടർ പ്രണവ് അദാനി പറഞ്ഞു. ഐ.എച്ച്ജി ഹോട്ടൽസ് ആൻഡ് റിസോർട്ടുകളുമായുള്ള സഹകരണവും അഞ്ച് ഹോട്ടലുകളുടെ വികസനവും ഇന്ത്യയുടെ ദീർഘകാല യാത്രയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അനുയോജ്യമായി ഹോസ്പിറ്റാലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലെ ഒരു പ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രത്യേകിച്ച് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനങ്ങളിൽ വളർന്നുവരുന്ന അവസരങ്ങളെയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ഐ.എച്ച്.ജി ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിന്റെ സൗത്ത് വെസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടർ സുദീപ് ജെയിൻ പറഞ്ഞു.

നിലവിൽ ഐ.എച്ച്.ജി ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് ഇന്ത്യയിൽ ആറ് ബ്രാൻഡുകളിലായി 52 ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ അടുത്ത മൂന്നു മുതൽ അഞ്ചുവർഷത്തിനകം 98 ഹോട്ടലുകൾ കൂടി തുറക്കാനാണ് നീക്കം.


Kairali News 1 hour ago
Home Flash News