ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രിൻസിപ്പൽ നിയമനം ഡൽഹി സർവകലാശാല തടഞ്ഞു
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രിൻസിപ്പലായി പ്രൊഫസർ സൂസൻ ഏലിയസിനെ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം ഡൽഹി സർവകലാശാല നിയമനം തടഞ്ഞു. നിയമന കമ്മിറ്റി യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര ധനസഹായത്തിലാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് കാട്ടി ഡൽഹി സർവകലാശാല രജിസ്ട്രാർ വികാസ് ഗുപത സെന്റ് സ്റ്റീഫൻസ് കോളേജ് ഗവേണിംഗ് ബോഡി ചെയർമാന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുജിസി മാനദണ്ഡങ്ങൾക്കനുസരിച്ച് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും പാനലിന്റെ ശുപാർശകൾ നടപ്പാക്കാൻ കഴിയില്ലെന്നും കാട്ടിയാണ് സർവകലാശാല അനുമതി നിഷേധിച്ചത്. ജൂൺ ഒന്നിന് ചുമതലയേൽക്കാനിരിക്കെയാണ് ഡൽഹി സർവകലാശാല തടഞ്ഞത്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളായി വിജ്ഞാപനം ചെയ്ത കോളേജുകളിലെ പ്രിൻസിപ്പൽ നിയമത്തിൽ സർവകലാശാലാ വൈസ് ചാൻസലറുടെ ശുപാർശ കൂടി പരിഗണിക്കണമെന്നും സെന്റ് സ്റ്റീഫൻസ് കോളേജ് പാലിച്ചിട്ടില്ലെന്നും രജിസ്ട്രാർ അറിയിച്ചു. അതിനാൽ നിയമനനടപടികൾ നിർത്തിവയ്ക്കണമെന്നാണ് നിർദേശം നൽകിയത്.
കഴിഞ്ഞ 13-നാണ് സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പാലായി പ്രൊഫ. സൂസൻ ഏലി യാസിനെ പ്രിൻസിപ്പലായി നിയമി ച്ചത്. ഒരു വനിതയെ പ്രിൻസിപ്പലായി തിരഞ്ഞെടുക്കുന്നത് കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്.