ബംഗാൾ ആർ.ജി കർ ബലാത്സംഗ അന്വേഷണത്തിൽ വീഴ്ച; 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു
കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് ക്രൂരബലാത്സംഗ-കൊലപാതക കേസിന്റെ പ്രാരംഭ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ, മുൻ ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ഗുപ്ത, ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിര മുഖർജി എന്നിവർക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ വീണ്ടും തുറന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സസ്പെൻഷനിലായ ഉദ്യോഗസ്ഥർ ഇരയുടെ കുടുംബത്തിന് കൈക്കൂലി നൽകാൻ ശ്രമിച്ചതായും രേഖാമൂലമുള്ള ഉത്തരവില്ലാതെ മാധ്യമപ്രവർത്തകരെ കണ്ടതായും മുഖ്യമന്ത്രി ആരോപിച്ചു. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സംസ്ഥാന ഹോം സെക്രട്ടറിയായിരിക്കും ഇവർക്കെതിരെയുള്ള വകുപ്പുതല അന്വേഷണത്തിന് നേതൃത്വം നൽകുക.
2024 ഓഗസ്റ്റ് 9-നാണ് കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ സെമിനാർ ഹാളിനുള്ളിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 33 കാരനായ സഞ്ജയ് റോയ് എന്ന സിവിക് വോളന്റിയറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാവ് രത്ന ദേബ്നാഥ് ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാനിഹാട്ടി മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു.