Select Location
All Locations
State
Region
City / District
ലോണുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും ഇനി പൗരത്വ കടമ്പ; ഭൂരിപക്ഷം സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്തോ? ട്രംപിന്റെ പുതിയ നീക്കം

ലോണുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും ഇനി പൗരത്വ കടമ്പ; ഭൂരിപക്ഷം സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്തോ? ട്രംപിന്റെ പുതിയ നീക്കം

വാഷിങ്ടൻ∙ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി, ബാങ്ക് ഉപഭോക്താക്കളുടെ പൗരത്വം കർശനമായി പരിശോധിക്കാൻ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നിർദേശം നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു.

ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുന്നവരുടെയും, ലോണുകളും ക്രെഡിറ്റ് കാർഡുകളും കൈപ്പറ്റുന്നവരുടെയും പൗരത്വ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്ക് റെഗുലേറ്റർമാർക്കും വൈറ്റ് ഹൗസ് നിർദേശം നൽകിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാർ ബാങ്ക് സേവനങ്ങളും വായ്പകളും ഉപയോഗിക്കുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

അനധികൃത കുടിയേറ്റക്കാർക്ക് വായ്പകൾ നൽകുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ക്രെഡിറ്റ് റിസ്ക് ഉണ്ടാക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. ഇത്തരം വ്യക്തികളെ രാജ്യത്ത് നിന്ന് നാടുകടത്തുകയാണെങ്കിൽ അവർ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികയും അത് ബാങ്കിങ് മേഖലയെ തകിടം മറിക്കുകയും ചെയ്യുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. യുഎസ് സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.

 എന്നാൽ, നിലവിൽ സോഷ്യൽ സെക്യൂരിറ്റി നമ്പറിന് പകരം 'ഇൻഡിവിജ്വൽ ടാക്‌‌സ്പേയർ ഐഡന്റിഫിക്കേഷൻ നമ്പർ' (ITIN) ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളെ ഈ തീരുമാനം നേരിട്ട് ബാധിക്കും. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ വലിയൊരു വിഭാഗം ജനങ്ങൾ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്താകുമെന്നും, കുട്ടിക്കാലത്ത് യുഎസിൽ എത്തിയ 'ഡാക്ക' ഗുണഭോക്താക്കൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കുടിയേറ്റ അനുകൂല സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് @realdonaldtrump എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)


Manorama News 11 minutes ago
Home Flash News