കേരളത്തിൻറെ ‘ലൈഫ്’ തകർക്കാൻ യുഡിഎഫിന്റെ മുൻഗണന: ഈ കണ്ണീരിൽ തന്നെ യുഡിഎഫ് സർക്കാർ കത്തിച്ചാമ്പലാവും
യുഡിഎഫിന്റെ പുതിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ആദ്യം മുൻഗണന നൽകുന്നത് ലൈഫ് മിഷൻ ഒഴിവാക്കനായിരിക്കുമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. എൽഡിഎഫ് സർക്കാർ ആരംഭിച്ച ഏറ്റവും ജനോപകാരപ്രദവും ജനപ്രിയവുമായ പദ്ധതിയായിരുന്നു ലൈഫ് മിഷൻ. വീടിനായി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്താനാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ ശ്രമിക്കുന്നത്. ആത്മാഭിമാനത്തോടെ, വേർതിരിവുകളില്ലാതെ ഓരോ മനുഷ്യനെയും ജീവിക്കാൻ പ്രാപ്തമാക്കുന്ന ലൈഫ് മിഷൻ പദ്ധതിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമത്തെ പ്രബുദ്ധ കേരളം ചെറുത്ത് തോൽപ്പിക്കുമെന്ന് എം ബി രാജഷ് പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കേരളത്തിൻറെ ‘ലൈഫ്’ തകർക്കരുത്
ഇന്നത്തെ മനോരമ വായിച്ചപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. ആദ്യപരിഗണന എന്ത് എന്ന ചോദ്യത്തിന്, ലൈഫ് മിഷൻ ഒഴിവാക്കൽ ആണെന്ന് പുതിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പറഞ്ഞത്രെ. എന്തെങ്കിലും പുതിയ പദ്ധതി ആരംഭിക്കൽ അല്ല, അഞ്ച് ലക്ഷത്തോളം വീടുകൾ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പിക്കൽ ആണ് യുഡിഎഫിന്റെ മുൻഗണന. ലൈഫ് വഴി വീടുകൾ ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന, മുൻഗണനാ ക്രമത്തിൽ അടുത്തത് തങ്ങളാണെന്നതിനാൽ വീടിനായി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്തിയാവും സർക്കാർ ഭരണം തുടങ്ങുന്നത് തന്നെ. ഈ കണ്ണീരിൽ തന്നെ യുഡിഎഫ് സർക്കാർ കത്തിച്ചാമ്പലാവും.
മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളി തന്നെയാണ്. കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമാണ് ഹരിതകേരള മിഷൻ ആരംഭിച്ചത്. ഇതും പിരിച്ചുവിടാനാണ് നീക്കം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും, സർക്കാർ ആശുപത്രികളുടെ വികസനത്തിനായുള്ള ആർദ്രകേരള മിഷനും പിരിച്ചുവിടുന്നതിൽ ഉൾപ്പെടുന്നുണ്ടോ?
വികൃന്ദ്രീകൃത ആസൂത്രണത്തെ ലൈഫ് മിഷൻ ഉൾപ്പെടെയുള്ളവ അട്ടിമറിച്ചത്രെ. നിശ്ചിതമായ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷ ക്ഷണിച്ച്, ഗ്രാമസഭകളും പഞ്ചായത്തുകളും നിശ്ചയിച്ച മുൻഗണന ക്രമം അനുസരിച്ചാണ് ലൈഫ് മിഷൻ വഴി വീടുകൾ അനുവദിക്കുന്നത്. ഇതെല്ലാം സുതാര്യമായ നടപടിയാണ്, ആർക്കും പരിശോധിക്കാൻ കഴിയുന്നതാണ്. താല്പര്യമുള്ള ആളുകൾക്ക് വളഞ്ഞ വഴിയിൽ വീട് കൊടുക്കാൻ പറ്റില്ല എന്ന് ചുരുക്കം.
മാർച്ച് ആദ്യം വരെ ലൈഫ് മിഷൻ വഴി അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു.
രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക ഏറ്റവുമധികം ആളുകൾക്ക് നൽകുന്നത് കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ ആറ് ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നൽകുന്നത്. ലൈഫ് മിഷന് വേണ്ടി കേരളം ചെലവഴിച്ചത് 20831.6 കോടി രൂപയാണ്. ഇതിൽ 18,342.7 കോടിയും (88.05%) കേരളമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിഹിതവും വായ്പയുമാണ് ഈ തുക. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വായ്പ എടുക്കുന്നത്. പലിശ പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുന്നു. മുതൽ സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടിൽ നിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്നു. ശേഷിക്കുന്ന 2488.9 കോടി രൂപ കേന്ദ്രവിഹിതമാണ്. ഇത് വെറും 11.95% മാത്രമാണ്. പിഎംഎവൈ ഗ്രാമീൺ, അർബൻ വിഭാഗത്തിൽപ്പെട്ട ചുരുക്കം വീടുകൾക്കാണ് കേന്ദ്രത്തിന്റെ ഈ ചില്ലറ സഹായം ലഭിച്ചത്.
മുൻകാലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരവരുടെ തലത്തിൽ മാത്രം ഭവന പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമ്പോൾ സബ്സിഡി തുക പൂർണമായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നൽകിയിരുന്നത്. എന്നാൽ ലൈഫ് മിഷനിൽ ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന നാല് ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ വികസന ഫണ്ടിന് പുറമേ നൽകുന്ന സർക്കാരിൻറെ വിഹിതമാണ്.
രാജ്യത്തിനും ലോകത്തിനും കേരളം സമ്മാനിച്ച ഈ പുതിയ മാതൃകയെ തകർക്കലാണ് തന്റെ ഒന്നാമത്തെ ലക്ഷ്യമെന്ന് എങ്ങനെ ഒരു മന്ത്രിക്ക് പ്രഖ്യാപിക്കാനാവും? അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതുറപ്പാൻ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ്, ഇരുപത് ലക്ഷത്തിലധികം പേർ സ്വന്തം വീടെന്ന അഭിമാനബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളിൽ ചാപ്പകുത്തണമെന്ന കേന്ദ്രനിർദേശം തള്ളിയാണ് കേരളം മുന്നോട്ടുപോയത്. ആത്മാഭിമാനത്തോടെ, വേർതിരിവുകളില്ലാതെ ഓരോ മനുഷ്യനും ജീവിക്കാൻ കേരളത്തിൽ സാധിക്കുന്നു. ഈ മാതൃകയാണ് അട്ടിമറിക്കാൻ യുഡിഎഫ് ലക്ഷ്യമിടുന്നത്. യുഡിഎഫിന്റെ ഈ നീക്കത്തെ പ്രബുദ്ധകേരളം ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും.