തീയേറ്ററിലുണ്ടാക്കിയ ബ്ലാസ്റ്റിന് ശേഷം ‘പേട്രിയറ്റ്’ ഒടിടിയിലേക്ക്; എപ്പോള്‍, എവിടെ കാണാം?
മഹേഷ് നാരായണൻ്റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘പേട്രിയറ്റ്’ ഒടിടിയിലേക്ക്. സീ ഫൈവ് ആണ് സ്ട്രീമിങ് പാർട്നർ. സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഇക്കാര്യം പങ്കുവെച്ചത്. ട്വന്റി – ട്വൻ്റി എന്ന ചിത്രത്തിനു ശേഷമാണ് ഇരുവരും പേട്രിയറ്റിൽ ഒന്നിച്ചത്. മെയ് ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അധികാര രാഷ്ട്രീയത്തിന്റെയും രഹസ്യങ്ങളുടെയും പോരാട്ടവുമായാണ് ഇതിഹാസ താരങ്ങൾ ഒന്നിച്ചത്. മലയാളം സ്പൈ-പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് തീയേറ്ററുകളിലെത്തി കണ്ടത്.
മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, ദർശന രാജേന്ദ്രൻ എന്നിവരുടെ വമ്പൻ നിര ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അഭിനേതാക്കളെക്കുറിച്ച് ചർച്ചാവിഷയമുണ്ടായിരുന്നു. ആന്റോ ജോസഫ്, കെ ജി അനിൽ കുമാർ എന്നിവരാണ് ചിത്രം നിർമിച്ചത്. അതേസമയം, ജൂണ്‍ അഞ്ചിന് ആണ് ചിത്രം ഒടിടിയിലെത്തുന്നത്.