പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ: മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ അവസാനിച്ചു
എറണാകുളം ജില്ലയിലെ പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടറേറ്റിൽ മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ അവസാനിച്ചു. കൂടിയാലോചനകൾക്ക് കൂടുതൽ സമയം ആവശ്യം ആണെന്നും ചർച്ച നാളെ തുടരുമെന്നും റോജി എം ജോൺ വ്യക്തമാക്കി.മണിക്കൂറുകൾ ചർച്ച നടത്തിയാലും പ്രശ്നം പരിഹരിക്കും എന്ന് മന്ത്രി അവകാശപ്പെട്ടു.
പാരിയത്ത്കാവ് നഗറിൽ ദശാബ്ദങ്ങളായി താമസിച്ചുവരുന്ന എട്ട് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിവാദമായതിനെ തുടർന്നാണ് പ്രശനം പരിഹരിക്കാൻ സർക്കാർ മന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ചകൾക്ക് തയ്യാറായത്. ഇന്ന് കളക്ടറേറ്റിൽ മന്ത്രി വിളിച്ച യോഗത്തിൽ സമര സമിതി പ്രവർത്തകരും താമസക്കാരും സ്ഥലം ഉടമകളും പങ്കെടുത്തു.നേരത്തെ, തലമുറകളായി ജീവിച്ചുപോരുന്ന മണ്ണിൽ നിന്നും പാവപ്പെട്ട കുടുംബങ്ങളെ വൻ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് ഇറക്കിവിടാൻ നടത്തിയ ശ്രമം വ്യാപക പ്രതിഷേധത്തിന് കാരണമായായിരുന്നു.