Select Location
All Locations
State
Region
City / District
ആദ്യ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 50 വയസ്സുവരെ ആക്കും; വൻ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ആദ്യ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 50 വയസ്സുവരെ ആക്കും; വൻ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി 20 വർഷം എന്നതിന് പകരം 50 വയസ്സുവരെ എന്നാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ , പെർമിറ്റ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനാക്കാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കാനും ഈസ് ഓഫ് ലിവിംഗ്’ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ നടപടികളിലേക്ക് കടക്കുന്നത്.

ലൈസൻസ് കാലാവധി 50 വയസ്സുവരെ: നിലവിൽ ലൈസൻസ് അനുവദിച്ച് 20 വർഷം വരെയോ അല്ലെങ്കിൽ വ്യക്തിക്ക് നിശ്ചിത പ്രായം തികയുന്നത് വരെയോ ആണ് കാലാവധിയുണ്ടാകുക. പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ ലൈസൻസിന്റെ കാലാവധി 50 വയസ്സുവരെ നീട്ടാനാകും. ഇത് ഇടയ്ക്കിടെയുള്ള പുതുക്കലുകളും പേപ്പർ ജോലികളും ഒഴിവാക്കാൻ വാഹന ഉടമകളെ സഹായിക്കും

പൂർണ്ണ ഡിജിറ്റൽ സേവനങ്ങൾ: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും പെർമിറ്റുകൾ പുതുക്കുന്നതിനും ഇനി ആർടി ഓഫീസുകളിൽ നേരിട്ട് പോകേണ്ടതില്ല. ഈ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നതോടെ ഓഫീസുകളിലെ കാലതാമസം ഗണ്യമായി കുറയും.

ട്രാഫിക് ലംഘനങ്ങൾക്ക് നെഗറ്റീവ് പോയിന്റ്: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് നെഗറ്റീവ് പോയിന്റ് നൽകുന്ന സംവിധാനം ഏർപ്പെടുത്തും. ഇത്തരത്തിൽ പോയിന്റുകൾ കുമിഞ്ഞുകൂടുന്നത് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനോ പൂർണ്ണമായി റദ്ദാക്കുന്നതിനോ കാരണമാകും.

ഈ പരിഷ്കാരങ്ങൾ വഴി സംസ്ഥാന സർക്കാരുകളുടെ റവന്യൂ വരുമാനത്തെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി തുടർന്നും ഈടാക്കാൻ സാധിക്കും. ഭരണപരമായ സങ്കീർണ്ണതകൾ കുറയ്ക്കാനും ഡിജിറ്റൽ ഗവേണൻസ് ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ നിലവിൽ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.


News18Kerala 2 hours ago
Home Flash News