Select Location
All Locations
State
Region
City / District
ആനവണ്ടിയിലെ ആനക്കൊള്ള; കെഎസ്ആർടിസി ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വാങ്ങിയത് പല വിലയ്ക്ക്; വമ്പൻ തട്ടിപ്പ്

ആനവണ്ടിയിലെ ആനക്കൊള്ള; കെഎസ്ആർടിസി ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വാങ്ങിയത് പല വിലയ്ക്ക്; വമ്പൻ തട്ടിപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ കോടികളുടെ വമ്പൻ തട്ടിപ്പ്. ഒരേ ദിവസം ഒരേ മോഡൽ ബസുകൾ കെഎസ്ആർടിസി വാങ്ങിയത് പല വിലയ്ക്ക്. കോടികളുടെ അഴിമതി തുറന്നുകാട്ടുന്ന പർച്ചേസ് വിവരങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. വൻ ക്രമക്കേട് ഉണ്ടായിട്ടും ഈ വിഷയത്തിൽ യാതൊരുവിധ അന്വേഷണമോ ഓഡിറ്റോ നടന്നിട്ടില്ല.

ടാറ്റയുടെ 181 ബസുകൾ വാങ്ങിയതിലെ കണക്കുകളിലാണ് പൊരുത്തക്കേടുകൾ. 2025 നവംബർ 21-ന് കെഎസ്ആർടിസി 29,82,015 രൂപയ്ക്ക് എട്ട് ബസുകൾ വാങ്ങിയിരുന്നു. അന്നുതന്നെ ഈ മോഡലിലെ അഞ്ച് ബസുകൾ 27,74,593 വില കുറവിലും വാങ്ങിയിട്ടുണ്ട്. ഉയർന്ന വിലയ്ക്ക് ബസുകൾ വാങ്ങിയതിലൂടെ 16 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്.

മോഡൽ ഒന്ന്, ഡീലർ ഒന്ന്.. പക്ഷേ വില മാത്രം രണ്ടുതരം. ഇത്തരത്തിൽ കണക്കിലെ കള്ളക്കളികൾ ഇനിയുമുണ്ട്. 2025 നവംബറിലും ഡിസംബറിലും ഇതേ തട്ടിപ്പ് നടന്നിട്ടുണ്ട്. എട്ട് ബസുകൾ വില കുറച്ച് വാങ്ങി, 16 ബസുകൾ രണ്ടും മൂന്നും ലക്ഷം രൂപ അധികം നൽകിയാണ് വാങ്ങിയിരിക്കുന്നത്. ഡിസംബർ 13-ന് ഒരേ മോഡൽ ബസുകൾ 27 ലക്ഷത്തിനും, 30 ലക്ഷത്തിനും വാങ്ങിയിട്ടുണ്ട്. 2026 ഫെബ്രുവരി വരെ നടത്തിയ പർച്ചേസിൽ ഇത്തരം ക്രമക്കേടുകൾ നിരന്തരം ദൃശ്യമാണ്. കെഎസ്ആർടിസി ബസുകളുടെ പർച്ചേസിൽ വലിയ തോതിൽ അഴിമതികൾ നടന്നിട്ടുണ്ട് എന്ന പരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്. പക്ഷേ അന്വേഷണമൊന്നും നടന്നിട്ടില്ല.

27,74,593 രൂപയ്ക്ക് വാങ്ങിയത് 14 ബസുകൾ, 27,96,718 രൂപയ്ക്ക് വാങ്ങിയത് 30 ബസുകൾ, 29,82,015 രൂപയ്ക്ക് വാങ്ങിയത് 54 ബസുകൾ, 30,05,799 രൂപയ്ക്ക് വാങ്ങിയത് 83 ബസുകൾ - മൊത്തം 181 ബസുകളും കൂടി ചേർത്ത് ഏകദേശം നാലുകോടി രൂപയ്ക്കും മുകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. ഈ മോഡൽ ബസുകൾക്ക് 29 ലക്ഷം രൂപയാണ് ഓൺലൈനിൽ കാണിക്കുന്ന വില. കെഎസ്ആർടിസി പോലെ വലിയ പർച്ചേസ് നടത്തുന്നവർക്ക് വിലയിൽ ഇളവുണ്ടാകും എന്നത് ഉറപ്പാണ്. എന്നാൽ അങ്ങനെയൊന്ന് ഇവിടെ നടന്നിട്ടില്ല എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആ കേസിൽ കൃത്യമായ അന്വേഷണം ഉണ്ടാകണം എന്നാണ് ആവശ്യം.


Mathrubhumi News 1 hour ago
Home Flash News