ട്രെയിനിലെ പുകവലി, കച്ചവടം, ഭിക്ഷാടനം വലിയ വില കൊടുക്കേണ്ടി വരും! പിഴ 2,000 രൂപയായി ഉയർത്തി
ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും പുകവലിക്കുന്നവർക്കും അനധികൃത കച്ചവടം നടത്തുന്നവർക്കും യാചകർക്കുമുള്ള പിഴത്തുക കുത്തനെ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ജൻ വിശ്വാസ്നിയമം 2026-ൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ വിജ്ഞാപന പ്രകാരമാണ് പിഴത്തുക 2,000 രൂപയായി ഉയർത്തിയത്. ജൂൺ 19 മുതലാണ് പുതിയ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നത്.
റെയിൽവേ നിയമത്തിലെ സെക്ഷൻ 167 പ്രകാരം ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ട്രെയിനുകളിലുണ്ടായ പല തീപിടുത്തങ്ങൾക്കും കാരണം പുകവലിയോ കത്തുന്ന വസ്തുക്കളുടെ സാന്നിധ്യമോ ആണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടികൾ കർശനമാക്കിയത്. പുതിയ നിയമപ്രകാരം പുകവലിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ നൂറു രൂപയിൽ നിന്നും 2,000 രൂപയായി ഉയർത്തി. പിഴയടയ്ക്കാൻ വിസമ്മതിക്കുന്ന പക്ഷം യാത്രക്കാരുടെ പാസോ ടിക്കറ്റോ കണ്ടുകെട്ടാനും അവരെ ട്രെയിനിൽ നിന്ന് പുറത്താക്കാനും റെയിൽവേ ജീവനക്കാർക്ക് അധികാരമുണ്ടാകും. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയാൽ കുറ്റം തെളിയുന്ന പക്ഷം 5,000 രൂപ വരെ കോടതിക്ക് പിഴ ചുമത്താം. പ്രത്യേക കാരണങ്ങളില്ലെങ്കിൽ കോടതി ചുമത്തുന്ന പിഴ ഒരുകാരണവശാലും 2,000 രൂപയിൽ കുറയാൻ പാടില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും അനധികൃതമായി കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതും 1989-ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 144 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. പുതിയ ജൻ വിശ്വാസ് നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്കും ഇനി മുതൽ 2,000 രൂപയാണ് പിഴ.
ഈ തുക അടയ്ക്കാത്തവരെ കോടതിയിൽ ഹാജരാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ കുറ്റവാളിക്ക് മൂന്ന് മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം. ലൈസൻസില്ലാത്ത കച്ചവടം വഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ട്രെയിനുകളിലെ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് റെയിൽവേയുടെ ഈ പുതിയ നീക്കം.