കശ്മീർ സാധാരണ നിലയിലേക്കെന്ന് ശശി തരൂർ; 'യാഥാർത്ഥ്യം അറിയാൻ ജനങ്ങളെ കാണണമെന്ന്' കോൺഗ്രസ് നേതാക്കൾ
കശ്മീരിൽ സാധാരണ നിലയിലേക്കുള്ള പുരോഗതി ദൃശ്യമാണെന്ന മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി ശ്രീനഗറിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ പരാമർശം.
നളന്ദ ഡയലോഗ്സിൽ പങ്കെടുക്കാൻ ശ്രീനഗറിലെത്തിയ തരൂർ, ലോക് ഭവനിൽ വെച്ചാണ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പങ്കുവെച്ച തരൂർ, കേന്ദ്രഭരണ പ്രദേശത്തെ സാഹചര്യങ്ങളെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തതായും വെല്ലുവിളികൾ ബാക്കിയുണ്ടെങ്കിലും കുറച്ചുകാലത്തിന് ശേഷം തനിക്ക് വലിയ പോസിറ്റീവ് ആയ അനുഭവമാണ് അവിടെ നിന്നും ലഭിച്ചതെന്നും കുറിച്ചു. കൂടാതെ കശ്മീരി റൈറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായും ഒരു വനിതാ സംഘടനയുമായും ലഫ്റ്റനന്റ് ഗവർണർ സംവദിക്കുന്നത് കണ്ടപ്പോൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നല്ലൊരു ഇടപെടലായി തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ പരാമർശങ്ങൾക്കെതിരെ ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെകെപിസിസി) നേതാക്കൾ രംഗത്തുവന്നു. തരൂർ തന്റെ സന്ദർശനത്തിനിടെ അവിടുത്തെ സാധാരണ ജനങ്ങളുമായോ പാർട്ടി പ്രവർത്തകരുമായോ എന്തുകൊണ്ട് ആശയവിനിമയം നടത്തിയില്ലെന്ന് അവർ ചോദിച്ചു. തരൂരിന്റെ പോസ്റ്റിന് പരസ്യമായി മറുപടി നൽകിയ ജെകെപിസിസി വക്താവ് രവീന്ദർ ശർമ്മ, കശ്മീരിലെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ തരൂർ തങ്ങളെ വന്ന് കാണുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നതായി എക്സിൽ കുറിച്ചു. ഏഴ് വർഷം മുമ്പ് തങ്ങളിൽ നിന്ന് തട്ടിയെടുത്ത സംസ്ഥാന പദവി തിരികെ ലഭിക്കുന്നതിനായി പോരാടുന്ന സ്വന്തം പാർട്ടി പ്രവർത്തകരെ കാണാൻ തരൂർ അല്പം സമയം പോലും നീക്കിവെച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആശങ്കകളും തരൂരിന്റെ വിലയിരുത്തലുകളും തമ്മിലുള്ള വലിയ അകൽച്ചയാണ് ഈ തർക്കത്തിലൂടെ പുറത്തുവന്നത്.
ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെയും മോദിയുടെ നയതന്ത്ര ഇടപെടലുകളെയും പ്രശംസിച്ച് തരൂർ സംസാരിച്ചതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ നേരത്തെ തന്നെ പരസ്യമായ ഭിന്നത നിലനിന്നിരുന്നു. നേരത്തെ കോൺഗ്രസ് നേതാവ് പവൻ ഖേര, തരൂരിന്റെ മോദി പ്രശംസയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മോദി പറയാത്ത കാര്യങ്ങൾ പോലും കേൾക്കാൻ തരൂരിന് കഴിയുന്നുണ്ടെന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം. എന്നാൽ ഇതിന് മറുപടിയായി, ട്ട മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് താൻ പ്രതികരിച്ചതെന്നും വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്ന സ്വഭാവം തനിക്കില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു.