വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; ആയിരക്കണക്കിന് പേർ മരിച്ചതായി റിപ്പോർട്ട്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വെനസ്വേലയില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ തുടർച്ചയായ ശക്തമായ ഭൂചലനങ്ങളിൽ വ്യാപകമായ നാശനഷ്ടം. നിരവധി കെട്ടിടങ്ങൾ തകരുകയും പരിഭ്രാന്തരായ ജനങ്ങൾ തെരുവുകളിലേക്ക് ഓടിയിറങ്ങുകയും ചെയ്തു. ആദ്യ ഭൂചലനം റിച്ചർ സ്കെയിലിൽ 7.2 തീവ്രതയും, തൊട്ടടുത്ത മിനിറ്റിൽ ഉണ്ടായ രണ്ടാമത്തെ ഭൂചലനം 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രകമ്പനം ഏകദേശം 1,700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലകളിലും കൊളംബിയയിലും വരെ അനുഭവപ്പെട്ടു. ഇവിടെയുള്ള കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടാകാമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
"നിരവധി സംസ്ഥാനങ്ങളിൽ ഭൂചലനം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ എത്ര വീടുകൾ തകർന്നു എന്നതിനെക്കുറിച്ചോ, പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കൃത്യമായ കണക്കുകൾ ഇപ്പോൾ ലഭ്യമായിട്ടില്ല. ജനങ്ങൾ ശാന്തത പാലിക്കണം." - താത്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഇത് താല്ക്കാലികമായി അടച്ചു. കൂടാതെ സ്കൂളുകൾക്കും കോളേജുകൾക്കും അടുത്ത കുറച്ചു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കാനായി രാജ്യത്തെ എല്ലാ ആരോഗ്യ പ്രവർത്തകരോടും ഉടൻ തന്നെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം യു എസ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കുന്നത് അനുസരിച്ച് 7.2 തീവ്രത രേഖപ്പടുത്തിയ ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാരക്കാസിന് 168 കിലോമീറ്റർ പടിഞ്ഞാറുള്ള 'മൊറോൺ' തീരദേശ മേഖലയിലാണ്. ഭൂമിക്കടിയിൽ 22 കിലോമീറ്റർ ആഴത്തിലായിരുന്നു ഇത്. കൃത്യം ഒരു മിനിറ്റിന് ശേഷം ഉണ്ടായ രണ്ടാമത്തെ ഭൂചനലത്തിന്റെ തീവ്രത 7.5 ആയിരുന്നു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിൽ, മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. വൈകുന്നേരം 6 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. കാരക്കാസ് നഗരത്തിൽ കെട്ടിടങ്ങൾ വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് ശക്തമായി കുലുങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. വീടുകളുടെ ചുവരുകൾ തകർന്നുവീണു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. ലക്ഷക്കണക്കിന് വെനിസ്വേലൻ സ്വദേശികൾ വിദേശങ്ങളിൽ കഴിയുന്നതിനാൽ, ആശയവിനിമയം തടസ്സപ്പെട്ടത് കുടുംബങ്ങളുടെ ആശങ്ക വർധിപ്പിച്ചു. റോഡുകൾ പിളര്‍ന്നുമാറി.
തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങളോട് വീടുകൾക്ക് പുറത്ത് തന്നെ തുടരാൻ ആഭ്യന്തര മന്ത്രി ദിയോസ്ദാദോ കാബെല്ലോ ആവശ്യപ്പെട്ടു. കൊളംബിയൻ തീരങ്ങളിൽ നിലവിൽ സുനാമി ഭീഷണിയില്ലെന്ന് കൊളംബിയൻ മാരിടൈം അതോറിറ്റി അറിയിച്ചു. എന്നാൽ യു എസ് പസഫിക് സുനാമി വാണിംഗ് സെന്റർ വിർജിൻ ഐലൻഡ്‌സിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്യൂർട്ടോ റിക്കോയിൽ നൽകിയ ജാഗ്രതാ നിർദ്ദേശം പിന്നീട് പിൻവലിച്ചു.
ഭൂകമ്പ സാധ്യതയുള്ള പല ഫോൾട്ട് ലൈനുകൾക്ക് സമീപമാണ് വെനസ്വേല സ്ഥിതി ചെയ്യുന്നതെങ്കിലും, ലാറ്റിൻ അമേരിക്കയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വെനസ്വേലയിൽ ഇത്രയും ശക്തമായ ഭൂചലനങ്ങൾ വളരെ അപൂർവമാണ്.