ബിനാലെ മോഡല്‍ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബറിൽ
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധനേടിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷൻ 2026 ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. ബിനാലെ മാതൃകയിൽ ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണയും ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള പ്രമുഖ എഴുത്തുകാർ, സാംസ്‌കാരിക-സിനിമാ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.
സാഹിത്യോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന് ബുധനാഴ്‌ച വൈകുന്നേരം 4 മണിക്ക് മാനന്തവാടി ദ്വാരക കാസാ മരിയയിൽ വച്ച് നടക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് അറിയിച്ചു. വിപുലമായ പരിപാടികൾ, രാജ്യാന്തര കോൺഫറൻസ്, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്‌ക്കൊപ്പം ഇത്തവണ വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. മുൻവർഷങ്ങളിലെപ്പോലെ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി ജാഗ്രത, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ഇത്തവണയും ചർച്ച ചെയ്യപ്പെടും.
2022-ൽ മുഖ്യമന്ത്രി പിണറായി വിജയനും 2024-ൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് മുൻ പതിപ്പുകൾ ഉദ്ഘാടനം ചെയ്തത്. 2024-ൽ നടന്ന രണ്ടാം പതിപ്പിൽ ഒരുലക്ഷത്തി പതിനായിരത്തിലധികം ആളുകൾ നേരിട്ട് പങ്കെടുത്തപ്പോൾ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഏഴ് കോടിയിലധികം ആളുകളിലേക്ക് ഫെസ്റ്റിവലിന്റെ ഉള്ളടക്കം എത്തിച്ചേർന്നിരുന്നു. മലയോര മേഖലയിലെ 260 പബ്ലിക് ലൈബ്രറികളാണ് ഈ വർഷം ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ കമ്മ്യൂണിറ്റി പാർട്‌ണർമാരാകുന്നത്.
വയനാടൻ ജനതയ്ക്ക് പ്രത്യാശയും ശുഭാപ്‌തിവിശ്വാസവും നൽകുകയെന്നതാണ് സാഹിത്യോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വയനാടിന്റെ അതിജീവനശേഷിയും ആത്മാവിഷ്‌കാരവും പ്രദർശിപ്പിക്കാനുള്ള അപൂർവ അവസരമാണിത്- ഡോ. വിനോദ് കെ ജോസ് പറഞ്ഞു.
വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മനുഷ്യർ പങ്കെടുക്കുന്ന ഇടമാണ് WLF. മറ്റു ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ ഇല്ലാത്ത ഒരു ജൈവിക സ്പർശം ഇവിടുത്തെ ഹെറിറ്റേജ് വാക്കിലും ക്യാമ്പ് ഫയർ റീഡിങ്സിലും കാണാമെന്ന് ക്യൂറേറ്റർ വി എച്ച് നിഷാദ് പറഞ്ഞു. ജനഹൃദയങ്ങളിൽ ഇത്രയേറെ ആഴത്തിൽ ഒരു സ്ഥാനം നേടിയെടുക്കാൻ WLF-ന് കഴിഞ്ഞത് ഈ ഉത്സവത്തിന്റെ സ്വതന്ത്രമായ നിലപാടിനും, മികവുറ്റ ഉള്ളടക്കത്തിനും, അത് മുന്നോട്ടുവെക്കുന്ന ശക്തമായ രാഷ്ട്രീയത്തിനും തെളിവാണ് ക്യൂറേറ്റർ ലീന ഗീതാ രഘുനാഥ് വ്യക്തമാക്കി.
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ഓഫർ നിരക്കിൽ 799 രൂപയ്ക്ക് ഡെലിഗേറ്റ് പാസ്സും, 50 രൂപയ്ക്ക് പ്രതിദിന ടിക്കറ്റും ലഭ്യമാണ്.
വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ്, ക്യുറേറ്റർമാരായ വി എച്ച് നിഷാദ്, ലീന ഗീതാ രഘുനാഥ്, WLF ട്രസ്റ്റി ഷിൽസൺ മാത്യു എന്നിവർ പങ്കെടുത്തു.