Select Location
All Locations
State
Region
City / District
റഷ്യയിൽ ഇന്ധനക്ഷാമത്തിന് കാരണമായത് യുക്രൈൻ ആക്രമണം; സമ്മതിച്ച് പുതിൻ

റഷ്യയിൽ ഇന്ധനക്ഷാമത്തിന് കാരണമായത് യുക്രൈൻ ആക്രമണം; സമ്മതിച്ച് പുതിൻ

മോസ്‌കോ: റഷ്യയുടെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ പല പ്രദേശങ്ങളിലും ഇന്ധനക്ഷാമത്തിന് കാരണമായതായി തുറന്നു സമ്മതിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഭ്യന്തര വിതരണത്തെ ബാധിച്ചതായി അദ്ദേഹം സമ്മതിച്ചു.

അതേസമയം, ഈ പ്രതിസന്ധി ഭരണകൂടത്തിന് നിയന്ത്രിക്കാനാവുമെന്നും യുക്രൈനുനേരെയുള്ള റഷ്യയുടെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ഡീസൽ കയറ്റുമതി നിരോധിക്കുന്നതും വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ റഷ്യ പരിഗണിക്കുന്നുണ്ട്.

എണ്ണ ശുദ്ധീകരണ ശാലകൾക്കും ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വിതരണത്തിൽ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെ പ്രവർത്തനങ്ങളെ തകിടം മറിക്കാൻ തക്ക ഗുരുതരമല്ലെന്നാണ്‌ പുതിന്റെ വിലയിരുത്തൽ. 'പൊതുവെ നിർണായകമായ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെയും, പ്രത്യേകിച്ച് ഊർജ്ജ മേഖലയ്ക്ക് നേരെയും നടക്കുന്ന ആക്രമണങ്ങൾ ഞങ്ങളുടെ സൗകര്യങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്, അത് വ്യക്തമാണ്. നിലവിൽ ഞങ്ങൾ ചെറിയ ക്ഷാമം നേരിടുന്നുണ്ട്. എന്നാൽ, അത് ഗുരുതരമല്ല.' പുടിൻ പറഞ്ഞു. സമീപ ആഴ്ചകളിൽ റഷ്യൻ വ്യാവസായ-ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ യുക്രൈൻ ഇടത്തരം, ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. ക്രാസ്‌നോദർ, യാരോസ്ലാവൽ തുടങ്ങിയ മേഖലകളിലെ ശുദ്ധീകരണ ശാലകളെയും ഇന്ധന സംഭരണ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണങ്ങൾ.

രാജ്യത്തുടനീളം മതിയായ ഇന്ധന വിതരണം ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും ക്രിമിയയ്ക്കും കാർഷിക മേഖലയ്ക്കും പ്രത്യേക മുൻഗണന നൽകുമെന്നും പുതിൻ അറിയിച്ചു. ആഭ്യന്തര ആവശ്യം പരിഗണിച്ച് ഡീസൽ കയറ്റുമതി താൽക്കാലികമായി നിരോധിക്കുന്ന കാര്യം അധികൃതർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വാഹന ഉടമകളും വ്യാപാരികളും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. നിർഭാഗ്യവശാൽ, ഗ്യാസ് സ്റ്റേഷനുകളിൽ ഇപ്പോഴും ക്യൂ ദൃശ്യമാണ്.' പുതിൻ പറഞ്ഞു. സിവിലിയൻ-ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്ക് മേലുള്ള ആക്രമണങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.


Mathrubhumi News 1 hour ago
Home Flash News