Select Location
All Locations
State
Region
City / District
‘പ്രിയദർശിനി’ സൗജന്യ യാത്ര: ജി–ഫോം നൽകി സർവീസ് നിർത്താൻ സ്വകാര്യ ബസ് ഉടമകൾ

‘പ്രിയദർശിനി’ സൗജന്യ യാത്ര: ജി–ഫോം നൽകി സർവീസ് നിർത്താൻ സ്വകാര്യ ബസ് ഉടമകൾ മനോരമ ലേഖകൻ

പറവൂർ ∙ സർക്കാർ കെഎസ്ആർടിസിയിൽ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതിനെത്തുടർന്നു പ്രതിസന്ധിയിലായ ചില സ്വകാര്യ ബസ് ഉടമകൾ സർവീസ് നിർത്താൻ ആലോചിക്കുന്നു. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കാൻ ജി–ഫോം നൽകി സർവീസ് നിർത്താനാണു തീരുമാനം.

പറവൂർ സ്വകാര്യ സ്റ്റാൻഡിൽ നിന്നു സർവീസ് നടത്തുന്ന 180 ബസുകളിൽ വളരെ കുറച്ചു ബസുകളുടെ ഉടമകൾ മാത്രമേ നിലവിൽ ജി–ഫോം നൽകാൻ തീരുമാനിച്ചിട്ടുള്ളൂ. സ്ഥിതി കൂടുതൽ മോശമായാൽ കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കാനും ജി–ഫോം നൽകാനും മറ്റ് ഉടമകളും തയാറായേക്കും. ജി–ഫോം നൽകിയാൽ 6 മാസത്തേക്കോ ഒരു വർഷത്തേക്കോ വാഹനം സർവീസ് നടത്താതെ കയറ്റിയിടാനും ടാക്സ് അടയ്ക്കാതിരിക്കാനും അനുമതി ലഭിക്കും. പിന്നീട് ഇറക്കണമെങ്കിൽ ടാക്സ് അടച്ച് ഇറക്കുകയും ചെയ്യാം. താൽക്കാലികമായെങ്കിലും നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് ബസ് ഉടമകളുടേത്.

സൗജന്യയാത്രാ പദ്ധതി വന്നതോടെ പല റൂട്ടുകളിലും കെഎസ്ആർടിസിയെ ആശ്രയിക്കുന്ന സ്ത്രീയാത്രക്കാരുടെ എണ്ണം വർധിച്ചതു സ്വകാര്യ ബസുകളിലെ വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) ഏരിയ പ്രസിഡന്റ് അയൂബ് ഖാൻ പറഞ്ഞു. പ്രതിദിനം 2,000 മുതൽ 3,000 വരെയാണ് ബസുകളുടെ നഷ്ടം. ഡീസലിന് ആവശ്യമായ തുക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കുള്ള വരുമാനം പോലും ലഭ്യമാകാത്ത സ്ഥിതിയാണ്.

മേഖലയിൽ ഏഴിക്കര, കോട്ടുവള്ളി, ഗോതുരുത്ത്, വടക്കുപുറം, കോട്ടയിൽ കോവിലകം, കൊടുങ്ങല്ലൂർ തുടങ്ങിയ റൂട്ടുകളിലെല്ലാം പ്രതിസന്ധിയുണ്ട്. കെഎസ്ആർടിസിയുടെ 4 ബസുകൾ സർവീസ് നടത്തുന്നതിനാൽ ഏഴിക്കരയിലേക്കുള്ള 14 സ്വകാര്യ ബസുകളിൽ എല്ലാം തന്നെ വൻ പ്രതിസന്ധിയിലാണ്. സ്വകാര്യ ബസുകൾ പൂർണമായും തകരാൻ അനുവദിക്കില്ലെന്നും ഉടമകളുടെ പരാതികൾ ഗൗരവമായി ചർച്ച ചെയ്യുമെന്നും ഗതാഗത വകുപ്പ് പറയുന്നുണ്ടെങ്കിലും നികുതിയിളവു മാത്രം പോരെന്നും ഡീസൽ സബ്സിഡിയോ പ്രത്യേക സാമ്പത്തിക പാക്കേജോ വേണമെന്നുമാണ് ഉടമകളുടെ ആവശ്യം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ഇരുട്ടടിയായി മോട്ടർ വാഹന വകുപ്പിന്റെ അമിത പിഴ ഈടാക്കലും നടക്കുന്നുണ്ടെന്നു കെബിടിഎ ഏരിയ പ്രസിഡന്റ് അയൂബ് ഖാനും സെക്രട്ടറി സുനിൽ തോമസും പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ബസുകളിൽ പോലും ചെറിയ കാര്യങ്ങൾക്ക് വൻ തുക പിഴ ചുമത്തുകയാണ്. സ്റ്റിക്കർ ഒട്ടിച്ചതിനു മാത്രം 7,000 രൂപ വരെ പിഴ ഈടാക്കിയിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സ്വീകരിക്കരുതെന്നും അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.


Manorama News 1 hour ago
Home Flash News