Select Location
All Locations
State
Region
City / District
വർഷങ്ങളായി അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടന്ന പാലിയംതുരുത്ത്-കടമക്കുടി പാലം പദ്ധതിയിൽ നിർണായക മുന്നേറ്റം

കടമക്കുടിക്കാർക്ക് ഇരട്ടി സന്തോഷം; പാലിയംതുരുത്തിലേക്കുള്ള പാലത്തിന് പച്ചക്കൊടി, അലൈൻമെന്റ് അംഗീകരിച്ചു

കൊച്ചി: വർഷങ്ങളായി അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടന്ന പാലിയംതുരുത്ത്-കടമക്കുടി പാലം പദ്ധതിയിൽ നിർണായക മുന്നേറ്റം. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ അലൈൻമെന്റിന് തത്വത്തിൽ അംഗീകാരം ലഭിച്ചതോടെയാണ് നിർമ്മാണ ഘട്ടത്തിലേക്കുള്ള വഴി തെളിഞ്ഞത്.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഓഫീസിൽ ചേർന്ന യോഗത്തിലാണ് അലൈൻമെന്റിന് തത്വത്തിലുള്ള അംഗീകാരം നൽകിയത്. പാലത്തിന്റെ അലൈൻമെന്റിൽ ഉൾപ്പെടുന്ന വാട്ടർ മെട്രോയുടെ ഭൂമി, ഭാവിയിലെ വാട്ടർ മെട്രോ വികസനത്തിന് തടസമാകാത്ത രീതിയിൽ ഏറ്റെടുക്കാനാണ് യോഗത്തിൽ തീരുമാനമായത്.

ഏകദേശം 25 വർഷം മുമ്പ് തയ്യാറാക്കിയ അലൈൻമെന്റ് വർഷങ്ങളായി നടപ്പാകാതെ കിടക്കുകയായിരുന്നു. ഇതിനിടെ പദ്ധതിക്കായി നിശ്ചയിച്ച ഭൂമി വാട്ടർ മെട്രോയുടെ വികസന പദ്ധതിയുടെ ഭാഗമായതോടെ പാലം നിർമ്മാണം വീണ്ടും പ്രതിസന്ധിയിലായി. എന്നാൽ ടോണി ചമ്മണി എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് കെഎംആർഎല്ലുമായി ധാരണയിലെത്താൻ കഴിഞ്ഞതായി കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എംഎസ് ആന്റണിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പാലിയംതുരുത്തിന്റെയും കടമക്കുടിയുടെയും വികസനം ലക്ഷ്യമിട്ട് വാട്ടർ മെട്രോയുടെ ഭൂമിയുടെ ഒരു ഭാഗം വിട്ടുനൽകാൻ കെഎംആർഎൽ തയ്യാറായതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്. പദ്ധതിക്കായി വാട്ടർ മെട്രോയുടെ ഏകദേശം ഏഴ് സെന്റ് ഭൂമി ഏറ്റെടുക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. കെഎംആർഎൽ, ജിഐഡിഎ, പഞ്ചായത്ത് അധികൃതർ എന്നിവർ തമ്മിൽ ധാരണയിലെത്തിയെങ്കിലും ഇതിന് സംസ്ഥാന മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാകും സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതോടെ ഇക്കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

പാലം യാഥാർഥ്യമായാൽ കടമക്കുടിയെയും ചാത്തനാടിനെയും കൂടുതൽ വേഗത്തിൽ ബന്ധിപ്പിക്കാനാകും. കൂടാതെ ദേശീയപാത 66-ലേക്കുള്ള നേരിട്ടുള്ള ഗതാഗത ബന്ധവും ഇതിലൂടെ സാധ്യമാകും. പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വികസനത്തിനും പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ. കടമക്കുടി ദ്വീപ് ഉൾപ്പെടുന്ന ഭാഗം കൊച്ചി നഗരത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണെങ്കിലും ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാണ് ഇവിടുത്തെ പ്രധാന വെല്ലുവിളി.

ഏറെക്കാലം നാട്ടുകാർ ആശ്രയിച്ചിരുന്നത് പരമ്പരാഗത വള്ളങ്ങളും ഫെറി സർവീസുകളുമായിരുന്നു. ഇതുമൂലം പ്രദേശത്തിന്റെ സാമ്പത്തിക വികസനം മന്ദഗതിയിലാകുകയും അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളിൽ ആശുപത്രികളിലെത്തുന്നത് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയും ചെയ്‌തിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണം മൂലമ്പിള്ളി-പിഴല, വലിയ കടമക്കുടി-ചാത്തനാട് പാലങ്ങൾ നിർമ്മിച്ച് മൂലമ്പിള്ളിയെയും ചാത്തനാടിനെയും റോഡ് മാർഗം ബന്ധിപ്പിച്ചിരുന്നു.


One India Malayalam 1 hour ago
Home Flash News