Select Location
All Locations
State
Region
City / District
ഇന്ത്യയുടെ മാമ്പഴപ്പെരുമ ഇനി അങ്ങ് യുഎഇയിലും; രേവ സുന്ദർജ മാമ്പഴത്തിന്റെ കയറ്റുമതിയിൽ സുപ്രധാന നേട്ടം

ഇന്ത്യയുടെ മാമ്പഴപ്പെരുമ ഇനി അങ്ങ് യുഎഇയിലും; രേവ സുന്ദർജ മാമ്പഴത്തിന്റെ കയറ്റുമതിയിൽ സുപ്രധാന നേട്ടം

ദുബായ്: ഇന്ത്യൻ മാമ്പഴങ്ങളുടെ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ല. അതിന്റെ പെരുമ ഇപ്പോഴിതാ ലോകത്തിലെ പലയിടത്തേക്കും വ്യാപിക്കുകയാണ്. മധ്യപ്രദേശിലെ ജിഐ (ഭൂമിശാസ്ത്രപരമായ സൂചിക) അംഗീകാരമുള്ള രേവ സുന്ദർജ മാമ്പഴം ആദ്യമായി യുഎഇ വിപണിയിലെത്തിയതോടെ ഒരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യൻ മാമ്പഴ കയറ്റുമതി മേഖല.

സംസ്ഥാനത്തിന്റെ തനത് രുചിയും ഗുണനിലവാരവും കൊണ്ട് ശ്രദ്ധേയമായ ഈ മാമ്പഴത്തിന്റെ ആദ്യ വാണിജ്യ കയറ്റുമതി ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ജൂൺ 26-നാണ് ഒരു മെട്രിക് ടൺ രേവ സുന്ദർജ മാമ്പഴം യുഎഇയിലേക്ക് കയറ്റുമതി ചെയ്‌തത്. സാൾട്ട് റേഞ്ച് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കയറ്റുമതി നിർവഹിച്ചത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക-സംസ്‌കരിച്ച ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എപിഡ) പിന്തുണയോടെയായിരുന്നു ഈ നീക്കം.

ഈ കയറ്റുമതിക്കായി കർഷക ഉൽപാദക സംഘടനകൾ, മധ്യപ്രദേശ് ഹോർട്ടികൾച്ചർ വകുപ്പ്, കയറ്റുമതിക്കാർ, പാക്കിങ് കേന്ദ്രങ്ങൾ, അന്താരാഷ്ട്ര വ്യാപാരികൾ എന്നിവർ ഒരുമിച്ച് പ്രവർത്തിച്ചു. രേവ ജില്ലയിലെ ഗോവിന്ദ്ഗഡിൽ നിന്നുള്ള കർഷകൻ സോനു ഗുപ്‌തയും സിയോന്ധ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡുമാണ് മാമ്പഴങ്ങൾ നൽകിയത്. ഗുണനിലവാര പരിശോധനയും ഗ്രേഡിംഗും പൂർത്തിയാക്കിയ ശേഷം ഉത്തർപ്രദേശിലെ ഭദോഹിയിലെ എപിഡയുടെ പിന്തുണയുള്ള പാക്കിങ് കേന്ദ്രത്തിൽ പായ്ക്ക് ചെയ്‌ത്‌ വാരാണസി വഴി യുഎഇയിലേക്ക് കയറ്റി അയക്കുകയായിരുന്നു. ഈ കയറ്റുമതി പ്രാദേശിക കർഷകർക്ക് മികച്ച വരുമാനവും സമ്മാനിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ആഭ്യന്തര വിപണിയിൽ ഒരു കിലോ രേവ സുന്ദർജ മാമ്പഴത്തിന് 100 മുതൽ 110 രൂപ വരെ ലഭിക്കുമ്പോൾ, കയറ്റുമതി ശൃംഖലയുടെ ഭാഗമായ കർഷകർക്ക് കിലോയ്ക്ക് ഏകദേശം 150 രൂപ ലഭിച്ചു. അതായത് കിലോയ്ക്ക് 50 രൂപ വരെ അധിക വരുമാനം നേടാൻ അവർക്ക് സാധിച്ചു. ഇതോടെ കൂടുതൽ കർഷകർ കയറ്റുമതി നിലവാരത്തിലുള്ള കൃഷിരീതികളും വിളവെടുപ്പിന് ശേഷമുള്ള ഗുണനിലവാര പരിപാലനവും സ്വീകരിക്കാൻ താൽപര്യം കാട്ടുമെന്നാണ് പ്രതീക്ഷ.

മികച്ച സുഗന്ധം, നാരുകളില്ലാത്ത മാംസള ഭാഗം, സ്വാഭാവിക മധുരം എന്നിവയാണ് രേവ സുന്ദർജ മാമ്പഴത്തിന്റെ പ്രധാന പ്രത്യേകതകൾ. ജിഐ അംഗീകാരം ലഭിച്ചതോടെ ഈ മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ പ്രത്യേക തിരിച്ചറിയലും കൂടുതൽ വിപണിമൂല്യവും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കാനും ഈ നീക്കം സഹായിച്ചേക്കും.

നിലവിലെ ഗുണനിലവാര മാനദണ്ഡങ്ങളും കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കയറ്റുമതി. രേവ സുന്ദർജ മാമ്പഴത്തിന്റെ യുഎഇയിലേക്കുള്ള കയറ്റുമതി ഭാവിയിൽ സ്ഥിരമായ കയറ്റുമതിക്ക് വഴിയൊരുക്കുന്നതോടൊപ്പം ഇന്ത്യയിലെ മറ്റ് ജിഐ അംഗീകാരമുള്ള കാർഷിക ഉൽപ്പന്നങ്ങൾക്കും ആഗോള വിപണിയിലേക്കുള്ള പുതിയ സാധ്യതകൾ തുറക്കുമെന്നാണ് കരുതുന്നത്.


One India Malayalam 2 hours ago
Home Flash News