നെറ്റ്ഫ്ലിക്സിന്റെ അക്കൗണ്ട് ഷെയറിംഗ് വീണ്ടും പൂട്ട്; ഇനി ഓരോ പ്രൊഫൈലിനും സ്വന്തം ഇമെയിൽ ഐഡി വേണം
ലോഗിൻ സിസ്റ്റം കൂടുതൽ കർശനമാക്കി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഒരു അക്കൗണ്ടിന് കീഴിലുള്ള ഓരോ പ്രൊഫൈലിനും ഇനി വെവ്വേറെ ഇമെയിൽ ഐഡി നിർബന്ധമാക്കുകയാണ്. മറ്റൊരു അക്കൗണ്ടിൽ ആഡ് ഓൺ മെമ്പറായി വീഡിയോ ആസ്വദിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്.
ജൂൺ 15 മുതൽ ആണ് ഈ അപ്ഡേറ്റ് ആരംഭിക്കുക. ശേഷം ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് പദ്ധതി. പുതിയ ലോഗിൻ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ, കുട്ടികൾക്കുള്ള പ്രൊഫൈലുകൾക്ക് ഈ നിബന്ധന ബാധകമല്ല. ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാനാണ് ഈ അപ്ഡേറ്റ് നിലവിൽ കൊണ്ടുവന്നത് എന്നാണ് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നത്. ഓഡിയോ, വീഡിയോ, ഡിസ്പ്ലേ ഓപ്ഷനുകൾ ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും ഈ പുതിയ അപ്ഡേറ്റ് സഹായിക്കുന്നു. എന്നാൽ, ഈ പുതിയ അപ്ഡേറ്റിന് എതിരെ കടുത്ത വിമർശനമാണുയരുന്നത്. ഒരേ വീട്ടിലെ വിവിധ ഡിവൈസുകളിൽ ഒരേ പ്രൊഫൈലുകൾ ഉപയോഗിക്കുന്ന ആളുകളെ ഈ അപ്ഡേറ്റ് കാര്യമായി ബാധിക്കും. ഇതിനെല്ലാം പുറമേ ഈ അപ്ഡേറ്റിൽ ജനങ്ങൾ കടുത്ത പ്രൈവസി ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിന്റെ പ്രൈവസി പോളിസി പ്രകാരം, യൂസർമാരുടെ വിവരങ്ങൾ തേർഡ് പാർട്ടി മാർക്കറ്റിംഗ് കമ്പനികൾക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് വിമർശനം