ചെന്നൈ – ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ: വൈറ്റ്ഫീൽഡിലും ബയ്യപ്പനഹള്ളിയിലും ഭൂഗർഭ സ്റ്റേഷനുകൾ വരും
ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാത അടുത്ത വർഷത്തോടെ ഘട്ടം ഘട്ടമായി തുറക്കാനിരിക്കെ ചെന്നൈ-ബെംഗളൂരു ഉൾപ്പെടെയുള്ള അടുത്ത ഘട്ട പദ്ധതികൾക്ക് വേഗം കൂട്ടി കേന്ദ്രസർക്കാർ. ഭാവിയിൽ രാജ്യത്ത് വരാൻ പോകുന്ന എല്ലാ ബുള്ളറ്റ് ട്രെയിൻ പദ്ധതികൾക്കും ഒരേ മാതൃകയിലുള്ള എഞ്ചിനീയറിങ് ഡിസൈൻ തയാറാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ നീക്കം. ഇത് നിർമ്മാണ ജോലികൾ വേഗത്തിലാക്കാനും രാജ്യത്തുടനീളമുള്ള ബുള്ളറ്റ് ട്രെയിൻ ശൃംഖലയിൽ ഒരേ നിലവാരം കൊണ്ടുവരാനും സഹായിക്കും. പദ്ധതിക്കുള്ള കണ്‍സൾട്ടൻ്റിനായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ടെൻ്റർ ക്ഷണിച്ചിട്ടുണ്ട്.
ചെന്നൈ, ബെംഗളൂരു നഗരങ്ങൾക്കുള്ളിൽ ബുള്ളറ്റ് ട്രെയിൻ പാത ഭൂമിക്കടിയിലൂടെയാണ് നിർമ്മിക്കുന്നത്. ഐടി ജീവനക്കാരുടെ യാത്രാസൗകര്യം മുൻനിർത്തിയാണ് ബെംഗളൂരുവിലെ സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഐടി ഹബ്ബായ വൈറ്റ്ഫീൽഡിലും ബയ്യപ്പനഹള്ളിയിലുമാണ് ബെംഗളൂരുവിലെ ഭൂഗർഭ സ്റ്റേഷനുകൾ വരുന്നത്. ചെന്നൈയിലാണ് മൂന്നാമത്തെ അണ്ടർഗ്രൗണ്ട് സ്റ്റേഷൻ. ഇതിൽ ചെന്നൈയും ബയ്യപ്പനഹള്ളിയും ആറ് ലൈനുകളുള്ള പ്രധാന ടെർമിനലുകളായി മാറ്റാനാണ് പദ്ധതി. രണ്ട് ലൈനുകൾ മാത്രമുള്ള വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ സർവീസ് നടത്തുന്ന എല്ലാ ബുള്ളറ്റ് ട്രെയിനുകൾക്കും സ്റ്റോപ്പുണ്ടായിരിക്കും.
ചെന്നൈ - ബെംഗളൂരു പാതയിൽ ആകെ 34.6 കിലോമീറ്റർ ദൂരമാണ് തുരങ്കങ്ങളിലൂടെ കടന്നുപോകുന്നത്. പ്രധാനമായും വനമേഖലകളിലും നഗരങ്ങളിലുമാണ് തുരങ്കങ്ങൾ നിർമ്മിക്കുക. കൗണ്ടിന്യ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മൊഗിലി ഘട്ടിലൂടെ കടന്നുപോകുന്ന 14.7 കിലോമീറ്റർ തുരങ്കമാണ് ഇതിൽ ഏറ്റവും നീളമേറിയത്. ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 15.92 കിലോമീറ്ററും ചെന്നൈ ടെർമിനലിനോട് ചേർന്ന് 3.8 കിലോമീറ്ററും നീളമുള്ള തുരങ്കങ്ങളുണ്ടാകും.
ഡൽഹി - വാരണാസി പാത ചെന്നൈ പാതയ്ക്കൊപ്പം ഡൽഹി - വാരണാസി ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രാരംഭ ജോലികളും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. ഈ പാതയിൽ ഉത്തർപ്രദേശിലെ ജേവാറിലാണ് ഭൂഗർഭ സ്റ്റേഷൻ വരുന്നത്. ഇവിടെ 9 കിലോമീറ്റർ നീളമുള്ള തുരങ്കവുമുണ്ടാകും. പുതിയതായി നിയമിക്കുന്ന കൺസൾട്ടന്റാണ് പാലങ്ങൾ, മേൽപ്പാലങ്ങൾ, ഭൂഗർഭ സ്റ്റേഷനുകൾ, തുരങ്കങ്ങൾ, ഡിപ്പോകൾ എന്നിവയുടെ പൊതുരൂപരേഖ തയാറാക്കുക. ബജറ്റിൽ പ്രഖ്യാപിച്ച, 4,000 കിലോമീറ്റർ നീളമുള്ള ഏഴ് പുതിയ ബുള്ളറ്റ് ട്രെയിൻ പാതകൾക്കും ഇതേ ഡിസൈനുകളാണ് ഉപയോഗിക്കുക. ഇതിൽ നാല് പാതകളുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് (DPR) ഇതിനകം അനുമതിയായിട്ടുണ്ട്. ബാക്കി പാതകളുടെ സർവേ ജോലികൾ പുരോഗമിക്കുകയാണ്.
പാലങ്ങളുടെ ഘടന, ഭൂകമ്പ പ്രതിരോധം, ശബ്ദമലിനീകരണം കുറയ്ക്കാനുള്ള സംവിധാനങ്ങൾ, തുരങ്കങ്ങളിലെ വായുസഞ്ചാരം, അടിയന്തര രക്ഷാമാർഗ്ഗങ്ങൾ എന്നിവയെല്ലാം ഈ പുതിയ മാതൃകയിലുണ്ടാകും. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ തക്കവണ്ണമാണ് പാതകൾ ഒരുക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ട്രെയിനുകൾ തദ്ദേശീയമായി നിർമിക്കാൻ (മേക് ഇൻ ഇന്ത്യ) താൽപര്യമുള്ള ആഗോള കമ്പനികളുമായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക മികവും ദേശീയ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക