ഫോർട്ട് കൊച്ചി–വൈപ്പിൻ റോ–റോയിൽ വനിതകൾക്ക് സൗജന്യ യാത്ര;പ്രഖ്യാപനവുമായി കൊച്ചി കോർപറേഷൻ
കൊച്ചി: ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന റോ-റോ വെസ്സലുകളിൽ സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാം. കൊച്ചി കോർപറേഷന്റേതാണ് ഈ സുപ്രധാന തീരുമാനം. ഷിപ്പ്‌യാർഡിൽ നിർമാണം പൂർത്തിയായ 'സേതുസാഹർ 3' എന്ന പുതിയ റോ-റോ സർവീസ് ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ ഈ ആനുകൂല്യവും ലഭ്യമാകും. മുഖ്യമന്ത്രിയുടെ തീയതി കൂടി ഉറപ്പാക്കിയ ശേഷമാകും പുതിയ വെസ്സലിന്റെ ഉദ്ഘാടനം നടക്കുക.
നിലവിൽ മൂന്ന് രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. വനിത യാത്രക്കാർക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ ആനുകൂല്യം ഉണ്ടായിരിക്കില്ല. വണ്ടികൾക്ക് പതിവുപോലെ പണം നൽകി ടിക്കറ്റ് എടുക്കണം. കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' വനിതാ സർവീസുകളുടെ മാതൃകയിലാണ് കോർപറേഷൻ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. മനാഫ് കൗൺസിലിൽ കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് പുതിയ നിരക്കിളവ് നടപ്പാക്കുന്നത്. നിത്യേന യാത്ര ചെയ്യുന്ന ഒട്ടേറെ സാധാരണക്കാരായ സ്ത്രീകൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള റോ-റോ സർവീസ് നിലവിൽ നടത്തുന്നത് കേരള ഉൾനാടൻ ജലഗതാഗത കോർപറേഷനാണ് (കെ എസ് ഐ എൻ സി). എന്നാൽ സർവീസ് വലിയ നഷ്ടത്തിലാണെന്ന കെ എസ് ഐ എൻ സിയുടെ വാദങ്ങളെ കൊച്ചി കോർപറേഷൻ പൂർണ്ണമായി തള്ളുകയാണ്. പുതിയ വണ്ടിയുടെ സർവീസ് സംബന്ധിച്ച് കെഎസ്ഐഎൻസിയുമായി പുതിയ കരാർ ഒപ്പിടുന്നതിന് മുൻപ് കൃത്യമായ വരുമാന കണക്കുകൾ പരിശോധിക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കാനായി റോ-റോ സർവീസിനായി മാത്രം പ്രത്യേക കമ്പനി (എസ്പിവി) രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് യാത്രാസൗജന്യം നൽകുന്ന തീരുമാനത്തെ പ്രതിപക്ഷം കൗൺസിലിൽ സ്വാഗതം ചെയ്തുവെങ്കിലും ചില ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. ഈ ഇളവുകൾ കാരണം സർവീസ് നഷ്ടത്തിലാണെന്ന് വരുത്തിതീർക്കാനും അത് മറയാക്കി ഭാവിയിൽ റോ-റോ സ്വകാര്യവൽക്കരിക്കാനും ശ്രമിക്കരുതെന്ന് എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ വി എ. ശ്രീജിത്ത് മുന്നറിയിപ്പ് നൽകി. പദ്ധതി വലിയ ബാധ്യതയാകാതിരിക്കാൻ നിരക്കിളവ് നടപ്പാക്കുന്നതിന് മുൻപ് കൃത്യമായ പഠനം വേണമെന്നാണ് ബി ജെ പി കൗൺസിലർ പ്രിയ പ്രശാന്തിന്റെ നിലപാട്.