ഞാനൊരു മുസ്ലീമോ ഉമർ ഖാലിദോ ആയിരുന്നെങ്കിൽ ഇതിനകം ഇവരെന്നെ ജയിലിൽ അടച്ചേനെ; ചർച്ചയായി അഭിജീത് ദീപ്കെയുടെ വാക്കുകൾ
സിബിഎസ്ഇ, നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പത്താം ദിനം പിന്നിടുകയാണ്. രാജ്യത്തെ യുവജനതയുടെ ആകമാനം ഭാവി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ രോഷം ആളികത്തുകയാണ്. ഇപ്പോഴിതാ ജന്ദർ മന്ദറിലെ സമരവേദിയിൽ വച്ച് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് പ്രമുഖ പാരിസ്ഥിതിക പ്രവർത്തകൻ സോനം വാങ്ചുകും രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധത്തിനിടെ ജന്ദർ മന്ദറിൽ വച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിജീത് ദീപ്കെ സ്വയം ഉമർ ഖാലിദുമായി താരതമ്യം ചെയ്തത്.
ഒരു കാര്യത്തെക്കുറിച്ച് ഞാൻ പൂർണ ബോധവാനാണ്. ഞാനൊരു മുസ്ലീമോ, ഉമർ ഖാലിദോ ആയിരുന്നെങ്കിൽ ഇതിനകം ഇവരെന്നെ ജയിലിൽ അടച്ചേനെ. എന്നായിരുന്നു അഭിജീത് ദീപ്കെയുടെ പരാമർശം. ദില്ലി കലാപ ഗൂഡാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിലേക്കാണ് അഭിജീത് ദീപ്കെയുടെ പരാമർശം വിരൽചൂണ്ടിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.