ഇന്ത്യ-ജപ്പാൻ തന്ത്രപ്രധാന സഖ്യം: സഹകരണമായിക്കോളൂ, പക്ഷേ ഞങ്ങളെ ലക്ഷ്യംവെച്ചിട്ടുള്ളതാകരുതെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യയും ജപ്പാനും നിർണായക ധാതുക്കൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചതിനു പിന്നാലെ, ആ സഹകരണം തങ്ങളെ ലക്ഷ്യമിടുന്നതാകരുതെന്ന് ചൈന. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മൂന്നാമതൊരു രാജ്യത്തിന്റെ താൽപര്യങ്ങളെ ബാധിക്കുകയോ ഏറ്റുമുട്ടലിന് വഴിയൊരുക്കുകയോ ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകായ്ച്ചിയും വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ ചർച്ചയിൽ നിർണായക ധാതുക്കൾ, സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ഇന്ത്യ-ജപ്പാൻ സഹകരണം പരസ്പര വിശ്വാസവും വിതരണ ശൃംഖലയുടെ സുരക്ഷയും ശക്തിപ്പെടുത്തുന്നതായിരിക്കണമെന്ന് മോദി പറഞ്ഞു. തന്ത്രപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സാമ്പത്തിക ഉപരോധം, വിപണി വിരുദ്ധ നയങ്ങൾ എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികളെ ജപ്പാനും ഇന്ത്യയും അഭിമുഖീകരിക്കുന്നുണ്ടെന്ന് തകായ്ച്ചി പറഞ്ഞു. ജപ്പാന്റെ സൈനികശേഷി വർധിപ്പിക്കാൻ സഹായിച്ചെന്ന ആരോപണത്തിൽ 20 ജാപ്പനീസ് സ്ഥാപനങ്ങളെ ചൈന ഈ ആഴ്ച കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നടപടി പിൻവലിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടിട്ടുണ്ട്.