Select Location
All Locations
State
Region
City / District
ഖമനേയിയുടെ സംസ്കാരചടങ്ങുകൾ തുടങ്ങി; ഭൗതികശരീരം ഇത്രകാലം എവിടെയായിരുന്നു? എന്തുകൊണ്ട് വൈകി?

ഖമനേയിയുടെ സംസ്കാരചടങ്ങുകൾ തുടങ്ങി; ഭൗതികശരീരം ഇത്രകാലം എവിടെയായിരുന്നു? എന്തുകൊണ്ട് വൈകി?

ടെഹ്‌റാൻ: ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്ക് ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരുക്കങ്ങളാണ് ഇറാന്റെ ഭരണകൂടം നടത്തുന്നത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്ന വൻചടങ്ങുകൾക്കായി ഖമേനിയുടെ ഭൗതികാവശിഷ്ടങ്ങൾ ടെഹ്റാനിൽ എത്തിച്ചുകഴിഞ്ഞു. ശനിയാഴ്ച നടക്കുന്ന വിലാപയാത്രയിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ഇറാൻ ഭരണകൂടം ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.

ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ശവമഞ്ചം ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാന ചടങ്ങുകൾ നടക്കുന്ന ഗ്രാൻഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങൾ ഇറാനിലെ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജൻസികളും പുറത്തുവിട്ടിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചെത്തിയ വൻ ജനക്കൂട്ടവും ചുവന്ന പൂക്കളും വെളുത്ത ശലഭങ്ങളും നിറഞ്ഞ പശ്ചാത്തലത്തിൽ വെച്ചിരിക്കുന്ന ശവമഞ്ചവും മറ്റും ഈ ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. അടുത്ത ആഴ്ച ഖോമിലും മഷാദിലും വൻ വിലാപയാത്രകളും ഇറാഖിൽ പ്രത്യേക ചടങ്ങുകളും നടക്കും. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് മാറ്റിവെച്ച വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ടെഹ്റാനിൽ ഇപ്പോൾ തകൃതിയായി നടക്കുകയാണ്.

ഭൗതികശരീരം മൂന്ന് ദിവസം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും. ഖമനേയിയുടെ ചിത്രങ്ങളും ഉദ്ധരണികളും അടങ്ങിയ ബാനറുകളാൽ അലംകൃതമാണ് ഗ്രാൻഡ് മൊസല്ല. ആക്രമണത്തിൽ ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ ബന്ധുക്കളുടെ മൃതദേഹങ്ങളും ചടങ്ങിൽ പ്രദർശിപ്പിക്കും. അങ്ങനെ, രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക വിലാപയാത്രയായി ഇത് മാറിയേക്കും എന്നാണ് ഔദ്യോഗികവൃത്തങ്ങൾ കണക്കുകൂട്ടുന്നത്. ടെഹ്റാനിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലേക്കും കർബലയിലേക്കും കൊണ്ടുപോകും. തുടർന്ന് ജൂലൈ ഒമ്പതിന് വടക്കുകിഴക്കൻ ഇറാനിലെ അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ ഖബറടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അത്താ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റയും ചടങ്ങിൽ പങ്കെടുക്കും. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുക്കുമെന്ന് പാകിസ്താൻ അറിയിച്ചു. ചൈന, അഫ്ഗാനിസ്ഥാനും ഉൾപ്പെടെ മറ്റ് അയൽരാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഷിയാ മുസ്ലീങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ആത്മീയ നേതാവായിരുന്നു 86-ാം വയസ്സിൽ കൊല്ലപ്പെട്ട ഖമനേയി. ഇറാന്റെ പുതിയ നേതാവായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയി ചുമതലയേൽക്കുന്ന നിർണ്ണായകമായ ഒരു രാഷ്ട്രീയ ഘട്ടത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത് എന്നതും പ്രധാനമാണ്.


Mathrubhumi News 1 hour ago
Home Flash News