Select Location
All Locations
State
Region
City / District
ചരക്ക് കപ്പലിനെ ആക്രമിച്ചു; ഇറാനിൽ വൻ വ്യോമാക്രമണം നടത്തി അമേരിക്ക; ഹോർമുസ് വീണ്ടും അടച്ചു

ചരക്ക് കപ്പലിനെ ആക്രമിച്ചു; ഇറാനിൽ വൻ വ്യോമാക്രമണം നടത്തി അമേരിക്ക; ഹോർമുസ് വീണ്ടും അടച്ചു

ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ ചരക്കുകപ്പലിന് നേരെ ഇറാൻ സൈന്യം ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. ഇതേത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ പൂർണ്ണമായി നിരോധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇതോടെ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് നൽകുന്ന വിവരങ്ങൾ പ്രകാരം പുലർച്ചെ 5:45 ഓടെയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനിൽ ആക്രമണം ആരംഭിച്ചത്. ഈ ആഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ വ്യോമാക്രമണമാണിത്. സൈപ്രസിന്റെ പതാകയുള്ള 'എം/വി ജിഎഫ്എസ് ഗാലക്സി' എന്ന കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണമാണ് പുതിയ സൈനിക നടപടിക്ക് കാരണം. ആക്രമണത്തിൽ കപ്പലിലെ ഒരു ജീവനക്കാരനെ കാണാതാവുകയും എഞ്ചിൻ റൂമിന് തകരാർ സംഭവിച്ച് കപ്പലിൽ തീപിടുത്തമുണ്ടാകുകയും ചെയ്തു. സമാധാന ചർച്ചകൾക്കും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ഇറാൻ തയ്യാറാകാത്തതിനാലാണ് ഈ സൈനിക നടപടിയെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഈ വ്യോമാക്രമണം നടത്തിയത്. ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു. അതേസമയം, അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ തീരദേശ മേഖലകളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖേഷ്ം ദ്വീപിലും ബന്ദർ അബ്ബാസിലും സിരിക്കിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഈ ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്ക് മുൻപാണ് ഹോർമുസ് കടലിടുക്ക് തങ്ങൾ അടച്ചതായി ഇറാൻ പ്രഖ്യാപിച്ചത്. തങ്ങളുടെ അനുമതിയില്ലാതെ റൂട്ട് മാറ്റി സഞ്ചരിച്ച ഒരു കപ്പലിന് നേരെ ഇറാൻ നാവികസേന മുൻപ് വെടിയുതിർത്തിരുന്നു. അമേരിക്കൻ ഇടപെടലുകൾ അവസാനിക്കുന്നത് വരെ ഈ വഴി കപ്പലുകളെ കടത്തിവിടില്ലെന്നാണ് ഇറാന്റെ നിലപാട്. അന്താരാഷ്ട്ര കപ്പൽപ്പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ആഗോള എണ്ണ വിപണിയെ ബാധിക്കും. യുഎസ് തങ്ങൾക്ക് നൽകിയിരുന്ന എണ്ണവ്യാപാര ഇളവുകൾ റദ്ദാക്കിയത് കരാറുകളുടെ ലംഘനമാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ചി കുറ്റപ്പെടുത്തി. നിലവിൽ ഒമാന്റെ അതിർത്തി വഴി കപ്പലുകൾ തിരിച്ചുവിടാൻ അമേരിക്ക നിർദ്ദേശിക്കുമ്പോഴും, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ.


One India Malayalam 1 hour ago
Home Flash News