ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും
പതിറ്റാണ്ടുകളായി രാഷ്‌ട്രീയ ആരാജകത്വവും അടിച്ചമര്‍ത്തലുകളും മാത്രം കണ്ടുശീലിച്ച ബംഗാളിന്റെ മണ്ണില്‍ ഇന്ന് വീശുന്നതു പ്രതീക്ഷയുടെ കാറ്റാണ്. 15 വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് വിരാമമിട്ട്, ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ ഏറിയപ്പോള്‍ അത് കേവലം രാഷ്‌ട്രീയ മാറ്റത്തിനു മാത്രമല്ല, ഒരു ജനതയുടെ അതിജീവനത്തിന് കൂടിയാണ് തുടക്കം കുറിച്ചത്. വന്ദേമാതരത്തിനു ജന്മം നല്‍കിയ ബംഗാളിന് ഇത് സ്വത്വത്തിലേക്കുള്ള മടക്കമാണ്. നേതാജി സുഭാഷ് ചന്ദ്രബോസ്, രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടഗോര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുടെ പാരമ്പര്യമുള്ള ബംഗാള്‍ ദേശീയതയുടേയും സാംസ്‌കാരിക തനിമയുടേയും കാലത്തിലേക്ക് തിരിച്ചുവരികയാണിന്ന്. മൂന്ന് പതിറ്റാണ്ടോളം ബംഗാളില്‍ നിലനിന്നിരുന്ന രാഷ്‌ട്രീയ അശാന്തിക്കും അഴിമതിക്കുമെതിരെ സാധാരണ മനുഷ്യര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിലൂടെ മറുപടി നല്‍കി. ഇത്രയും നാള്‍ അവര്‍ സഹിച്ച അടിമത്ത ഭരണത്തെ വേരോടെ പിഴുതെറിഞ്ഞു, മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തി ബിജെപിയെ വിജയിപ്പിച്ചു. ബംഗാളിന്റെ മണ്ണില്‍ സമാധാനവും പുരോഗതിയും തിരികെവരുമെന്ന വിശ്വാസത്തിലാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയത്. ബംഗാളിലുണ്ടായത് വെറും ഭരണമാറ്റമല്ല, ഭയത്തില്‍ നിന്നുള്ള മോചനമാണ്. സുവര്‍ണ ബംഗാള്‍ (സോനാര്‍ ബംഗ്ലാ) എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പാണ്.
മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് സുവേന്ദു മന്ത്രിസഭയുടെ രൂപീകരണം ജനങ്ങളില്‍ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്. രാഷ്‌ട്രീയ ഒത്തുതീര്‍പ്പുകള്‍ ഏതുമില്ലാതെ ബംഗാളിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കിക്കൊണ്ടാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. ഭരണ പരിചയമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വലിയ നിര യുവനേതാക്കളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇത് വികസനത്തിന് പുതിയ വേഗം സമ്മാനിച്ചേക്കും. സന്ദേശ്ഖാലി സമരത്തിന്റെ പ്രതീകമായ രേഖാ പത്രയെപ്പോലുള്ള സാധാരണക്കാരുടെ ശബ്ദം നിയമസഭയിലെത്തുന്നത് പുതിയ ഭരണകൂടം ജനങ്ങളോട് എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. സുപ്രധാന വകുപ്പുകളായ വ്യവസായം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നിവയ്‌ക്ക് ഏറ്റവും അനുയോജ്യരായ വ്യക്തികളെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ജനങ്ങളുമായുള്ള അന്തരം കുറയ്‌ക്കുന്നതിനായി സഹമന്ത്രിമാരെയും നിയമിച്ചു. നഷ്ടപ്പെട്ട ബംഗാളിന്റെ വ്യവസായ പ്രതാപം വീണ്ടെടുക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
അവകാശങ്ങള്‍ തിരിച്ചു നല്‍കല്‍ ബംഗാള്‍ ദശാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന അസ്തിത്വ പ്രതിസന്ധിയായിരുന്നു ബംഗ്ലാദേശി നുഴഞ്ഞുകയറ്റം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മുന്‍ ഭരണാധികാരികള്‍ കണ്ണടച്ചപ്പോള്‍, സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാകേണ്ടി വന്ന തദ്ദേശീയരായ ബംഗാളികളുടെ സങ്കടം വിവരണാതീതമായിരുന്നു. തങ്ങളുടെ അവകാശങ്ങളെല്ലാം ഭരണകൂടത്തിന്റെ ഒത്താശയില്‍ അപഹരിക്കപ്പെടുന്നത് നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറി. നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താന്‍ സുവേന്ദു സര്‍ക്കാര്‍ കര്‍ശന നടപടിയാണ് കൈക്കൊള്ളുന്നത്. സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടത്തി ഇവരെ നാടുകടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കി. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരേയും നടപടികള്‍ ആരംഭിച്ചു. രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുകടത്തപ്പെട്ട ആയിരക്കണക്കിന് സാധാരണക്കാരുണ്ടായിരുന്നു ബംഗാളില്‍. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും നാട്ടില്‍ വരാന്‍ കഴിയാതിരുന്ന ഒരു മകന്‍, വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മുറ്റത്ത് തിരിച്ചെത്തി മണ്ണില്‍ വീണ് പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ‘ഇത് നിങ്ങളുടെ സ്വന്തം മണ്ണാണ്, ഈ മണ്ണില്‍ ജീവിക്കാന്‍ ഇനി ആരുടെയും ഔദാര്യം വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് ആ മനുഷ്യരെ സുവേന്ദു ചേര്‍ത്തുപിടിച്ചു. ഒരു നാടിന്റെ ഭയാശങ്കകളാണ് അവിടെ ഇല്ലാതായത്.