Select Location
All Locations
State
Region
City / District
ബെംഗളൂരിൽ നിന്നും തിരക്കില്ലാതെ ഓണത്തിന് നാട് പിടിക്കാം: 2 സ്പെഷ്യൽ ട്രെയിൻ കൂടെ..സമയവും സ്റ്റേഷനും അറിയാം

ബെംഗളൂരിൽ നിന്നും തിരക്കില്ലാതെ ഓണത്തിന് നാട് പിടിക്കാം: 2 സ്പെഷ്യൽ ട്രെയിൻ കൂടെ..സമയവും സ്റ്റേഷനും അറിയാം

ബെംഗളൂരു: ഓണത്തിരക്ക് കുറക്കാൻ പുതിയ സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് റെയിൽവെ. കർണാടകയിൽ നിന്നും രണ്ട് സർവ്വീസ് കൂടിയാണ് അനുവദിച്ചിരിക്കുന്നത്. മൈസൂരിൽ നിന്നായിരിക്കും ട്രെയിനുകൾ സർവ്വീസ് തുടങ്ങുക. ട്രെയിനുകളുടെ സമയവും റൂട്ടും വിശദമായി അറിയാം.

ഓണത്തിന് ഒരു മാസം ബാക്കിയുണ്ടെങ്കിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ സീറ്റുകൾ ഇപ്പോൾ തന്നെ കിട്ടാത്ത അവസ്ഥയാണ്. ചില പ്രൈവറ്റ് ബസുകളിൽ സീറ്റുകൾ ഉണ്ടെങ്കിലും കഴുത്തറപ്പൻ നിരക്കാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ റെയിൽവെ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം യാത്രക്കാർ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ആശ്വാസ നടപടിയുമായി റെയിൽവെ പുതിയ രണ്ട് സർവ്വീസുകൾ കൂടി അനുവദിച്ചത്.

മൈസൂർ-ബെംഗളൂരു-കണ്ണൂർ സ്പെഷ്യൽ ട്രെയിൽ ആദ്യ ട്രെയിൻ ഉത്രാടത്തിനാണ് സർവ്വീസ് നടത്തുക. ഓഗസ്റ്റ് 25 ന് രാത്രി 10.30ക്ക് മൈസൂരിൽ നിന്നും പുറപ്പെടും. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ രാത്രി 1.10 ഓടെയാണ് ട്രെയിൻ എത്തുക. കെആർ പുരം 1.38, ബെംഗാരപ്പെട്ട് 2.28, കണ്ണൂർ ഉച്ചയ്ക്ക് 2 മണി എന്നിങ്ങനെയാണ് ട്രെയിൻ സമയം. പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഈ ട്രെയിൻ വലിയ ആശ്വാസമായിരിക്കും. ഓണത്തിന് വൈകീട്ട് 6.25 നാണ് തിരിച്ചുള്ള ട്രെയിൻ. ഓഗസ്റ്റ് 27 ന് രാവിലെ 8.35 ഓടെ ബെംഗളൂരു കൻ്റോണ്‍മെൻ്റ് സ്റ്റേഷനിൽ എത്തും.

ഓണത്തിന് ശേഷമാണ് രണ്ടാമത്തെ ട്രെയിൻ സർവ്വീസ് നടത്തുക ( ട്രെയിൻ നമ്പർ-06229-മൈസൂരു-കണ്ണൂർ) ഓഗസ്റ്റ് 29 ന് മൈസൂരിൽ നിന്നും രാത്രി 11.55 നാണ് ട്രെയിൻ പുറപ്പെടുക. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ പുലർച്ചെ 2 മണിയോടെ എത്തിച്ചേരും. കെആർ പുരം 2.31, ബെംഗാരപ്പട്ട് 3.11 എന്നിങ്ങനെയാണ് സമയം. 30 ന് വൈകീട്ട് 5.30 ഓടെയാണ് കണ്ണൂരിൽ എത്തുക.

ഓഗസ്റ്റ് 30 നാണ് തിരിച്ചുള്ള യാത്ര. വൈകീട്ട് 7.45 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഓഗസ്റ്റ് 31 ന് രാവിലെ 10 ന് ബെംഗളൂരു കൻ്റോണ്‍മെൻ്റ് സ്റ്റേഷനിൽ എത്തും. രണ്ട് ട്രെയിനുകൾക്ക് പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകും.

ബെംഗളൂരു-എറണാകുളം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06147/06148) ഓഗസ്റ്റ് 9, 16, 23, 30, സപ്റ്റംബർ 6 എന്നീ തീയതികളിലാണ് ട്രെയിൻ സർവ്വീസ് നടത്തുക. രാത്രി 23.10 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 12.45 ന് ബെംഗളൂരുവിൽ എത്തിച്ചേരും. തിരിച്ച് ഓഗസ്റ്റ് 10,17,24, 31, സപ്റ്റംബർ 7 തുടങ്ങിയ ദിവസങ്ങളിലായിരിക്കും സർവീസ്. വൈകീട്ട് നാലിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.45 ഓടെ എത്തുന്ന വിധത്തിലായിരിക്കും സർവ്വീസ്. വന്ദേഭാരതിന് കൂടുതൽ റേക്കുകൾ ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിനിൻ്റെ കോച്ചുകളും റെയിൽവെ ഉയർത്തിയിട്ടുണ്ട്. നിലവിൽ എട്ട് കോച്ചുകളാണ് ട്രെയിനിന് ഉള്ളത്. അടുത്തയാഴ്ച മുതൽ പുതിയ 16 കോച്ചുകളുള്ള റെയ്‌ക്ക് സർവീസ് ആരംഭിക്കും. ഇതോടെ സീറ്റുകൾ 530ൽ നിന്നും 1128 ആയി ഉയരും. ഇതിനോടകം തന്നെ ഓണത്തിനോട് അടുത്തുള്ള ദിവസങ്ങളിൽ വന്ദേഭാരത് ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് 100 ന് മുകളിലാണ്. 29 വരെ ടിക്കറ്റുകൾ കിട്ടാനേ ഇല്ല. അതുകൊണ്ട് തന്നെ വന്ദേഭാരതിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുന്നത് ഓണക്കാലത്തെ തിരക്കിന് വലിയ ആശ്വാസമാകും.


One India Malayalam 14 hours ago
Home Flash News