Select Location
All Locations
State
Region
City / District
ചർച്ചയ്ക്ക് തയ്യാർ, പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സർക്കാർ; ആവശ്യങ്ങൾ നിറവേറുന്നതുവരെ സമരമെന്ന് CJP

ചർച്ചയ്ക്ക് തയ്യാർ, പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സർക്കാർ; ആവശ്യങ്ങൾ നിറവേറുന്നതുവരെ സമരമെന്ന് CJP

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടിയുമായി ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി. കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതടക്കമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സിജെപി വക്താവ് സൗരവ് ദാസ് എക്‌സിലൂടെ അറിയിച്ചു.

പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് ചർച്ചയ്ക്കുള്ള ആവശ്യമുണ്ടായതെന്ന് ജെപി നഡ്ഡ അറിയിച്ചു. 'രാവിലെ 11:50 മുതൽ ഞങ്ങളുടെ ചർച്ചകൾ തുടരുകയാണ്. സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച. അവരുടെ പ്രതിനിധി സംഘവുമായി വിശദമായ പ്രാഥമിക ചർച്ച നടത്തി. വൈകുന്നേരം നാല് മണിയോടെ അവർ എനിക്ക് ഒരു രേഖാമൂലമുള്ള നിവേദനം സമർപ്പിച്ചു. എല്ലാ പ്രതിഷേധക്കാരും അവരുടെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് സാധാരണനില പുനഃസ്ഥാപിക്കാൻ ഭരണകൂടത്തെ സഹായിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു', ചർച്ചകൾക്ക് ശേഷം നഡ്ഡ എക്‌സിലൂടെ അറിയിച്ചു.

സിജെപി വക്താക്കളയാ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരാണ് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂർ കാത്തിരിപ്പിന് ശേഷം 10 മിനിറ്റാണ് നഡ്ഡയുമായി ചർച്ച നടത്തിയതെന്ന് അശുതോഷ് രങ്ക അറിയിച്ചു. 'ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്ത് ഞങ്ങൾ അദ്ദേഹത്തിന് സമർപ്പിച്ചു. ഇക്കാര്യം ആഭ്യന്തരമായി ചർച്ചചെയ്യാമെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ആ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്', അശുതോഷ് രങ്ക പറഞ്ഞു. ഇക്കാര്യം ഉചിതമായ തലത്തിൽ ചർച്ചചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നിരുന്നാലും, ഇതുവരെയും കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. തങ്ങളുടെ ആവശ്യം നിറവേറ്റപ്പെടുന്നത് വരെ സമാധാനപരമായ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും സൗരവ് ദാസും വ്യക്തമാക്കി

ഞങ്ങൾ ജെ.പി. നഡ്ഡയെ രണ്ടുതവണ കണ്ടു. കൂടിക്കാഴ്ചയ്ക്കിടെ, ഞങ്ങൾ മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചു. ഒന്നാമതായി, സോനം വാങ്ചുകിനെ ഉടൻ മോചിപ്പിക്കണം... രണ്ടാമതായി, ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു; അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ സ്വമേധയാ രാജി വെക്കുകയോ ചെയ്യണം. അദ്ദേഹത്തിന്റെ രാജി ഉറപ്പാക്കുന്നതുവരെ സമരം തുടരും. മൂന്നാമതായി, നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, 20-ൽ അധികം പേർ മരണപ്പെട്ടു. ഈ ആവശ്യങ്ങളാണ് ഞങ്ങൾ ഉന്നയിച്ചത്', സൗരവ് ദാസ് പിന്നീട് പ്രതികരിച്ചു. ഇതിനിടെ, ആശുപത്രിയിൽ കഴിയുന്ന സോനം വാങ്ചുക് നിരഹാരം അവസാനിപ്പിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തിൽ കോക്രോച്ച് പാർട്ടിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. 23 ദിവസമായി അദ്ദേഹം നിരാഹാര സമരത്തിലായിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ജൂലായ് 18-ന് വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നഡ്ഡയുമായി പ്രതിഷേധക്കാർ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ വരുന്നത്.


Mathrubhumi News 14 hours ago
Home Flash News