ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ മുങ്ങിനില്‍ക്കുന്ന പിഎസ്‌സി കഴിഞ്ഞ ദിവസം നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരിക്ഷയുടെ ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത് പിഎസ്‌സിയുടെ കെടുകാര്യസ്ഥത. കാലതാമസം ഇല്ലാതെ പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചെന്ന ക്രഡിറ്റ് സമ്പാദിക്കാന്‍ നോക്കി പുലിവാലു പിടിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷ ഒരു ദിവസം രാവിലെയും വൈകുന്നേരവുമായി നടത്തുന്നത്. ഇതിനു മുമ്പ് ഡിവിഷണല്‍ അക്കൗണ്ടന്റ്പരീക്ഷ ഇത്തരത്തില്‍ നടത്തിയെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. രണ്ട് ഘട്ടമായുള്ള പരീക്ഷയായതിനാല്‍ അഡ്മിഷന്‍ നമ്പര്‍ മാറ്റി ഇടേണ്ടി വന്നില്ല. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയുടെ ആദ്യഘട്ടമായി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയില്‍ പങ്കെടുത്തത് 1,69,708 ഉദ്യോഗാര്‍ത്ഥികള്‍. രാവിലെയും ഉച്ചയ്‌ക്കുമായി പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പിഎസ്‌സിയിലെ ജീവനക്കാര്‍ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചെങ്കിലും ചെയര്‍മാനും പരീക്ഷാ കമ്മീഷണറും മുഖവിലയ്‌ക്കെടുത്തില്ലത്രെ. രണ്ട് പ്രാവശ്യമായി പരീക്ഷ നടത്തുമ്പോള്‍ രാവിലത്തെ പരീക്ഷ കഴിഞ്ഞ ഉടന്‍ അടുത്ത പരീക്ഷയ്‌ക്കുള്ള അഡ്മിഷന്‍ നമ്പറുകള്‍ ക്ലാസ് റൂമുകളില്‍ രേഖപ്പെടുത്തണം. അദ്ധ്യാപകരെ മാറ്റി നിയമിക്കണം. ഇതിനിടയില്‍ ആദ്യ പരീക്ഷയില്‍ പങ്കെടുത്തവരുടെ എണ്ണം ഉള്‍പ്പെടെ ലാപ്‌ടോപ്പില്‍ രേഖപ്പെടുത്തി പിഎസ്‌സി ആസ്ഥാനത്ത് അറിയിക്കണം.
വളരെ ശ്രദ്ധയോടെ നടത്തേണ്ട പരീക്ഷയില്‍ പിഎസ്‌സിയില്‍ നിന്നും ഡ്യൂട്ടിക്ക് പോകുന്ന ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. ഒരു സെന്ററില്‍ 200 മുതല്‍ 300 വരെ ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഒരു സ്‌കൂളില്‍ രണ്ട് സെന്റര്‍ അനുവദിക്കുമ്പോള്‍ രണ്ട് ഭാഗത്തെ കെട്ടിടങ്ങളിലാണ് സെന്റര്‍ ഒരുക്കേണ്ടത്. എന്നാല്‍ അടുത്തടുത്ത കെട്ടിടങ്ങളിലായി സെന്ററുകള്‍ ഒരുക്കാനാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ചോദ്യ പേപ്പര്‍ ഒരു റൂമിലായിരിക്കും. ഇത് രണ്ട് സെന്ററിലെയും പിഎസ്‌സി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കും. ചിലവ് കുറയ്‌ക്കുന്നതിനു വേണ്ടിയുമാണ് പരീക്ഷ ഒരു ദിവസമായി നടത്താന്‍ തീരുമാനിച്ചത്. ഒരു പരീക്ഷയ്‌ക്കു പോകുന്ന ഉദ്യോഗസ്ഥന് ജില്ലയിലാണെങ്കില്‍ 850 രൂപ നല്‍കണം. രണ്ട് പരീക്ഷയാണെങ്കില്‍ നാനൂറ് രൂപ കൂടി അധികമായി നല്‍കിയാല്‍ മതിയാകും. കൂടാതെ വാഹനത്തിനുള്ള ചിലവും ചുരുക്കാനാകും. എന്നാല്‍ പിഎസ്‌സി ചെയര്‍മാന്‍ 4.10 ലക്ഷം രൂപയും മെമ്പര്‍മാര്‍ക്ക് 4 ലക്ഷം രൂപയും ശമ്പളമായി ലഭിക്കുന്നുണ്ട്. കൂടാതെ ഒരു പരീക്ഷയുടെ ഇന്റര്‍വ്യൂന് പോകുന്നതിന് 5000 രൂപയും നല്‍കുന്നു. ഇത്രയും ശമ്പളം നല്‍കുന്നത് വിവാദമായിട്ടും കുറയ്‌ക്കാന്‍ പിഎസ്‌സി തയ്യാറായിട്ടുമില്ല.